ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്
Wednesday, August 10, 2022 12:10 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ളോറിഡയിലെ സ്വകാര്യ ക്ലബ്ബും വസതിയുമായ മാർ-എ-ലാഗോ എസ്റ്റേറ്റിൽ എഫ്ബിഐ റെയ്ഡ് നടത്തി. ട്രംപിന്റെ കൈവശം രഹസ്യരേഖകളുണ്ടെന്ന വിവരത്തെത്തുടർന്നാണു റെയ്ഡ്. 2024 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രംപിനു വൻതിരിച്ചടിയാണിത്.
നമ്മുടെ രാജ്യത്തിന്റെ ഇരുണ്ടകാലഘട്ടമാണിത്. ഫ്ളോറിഡ മാർ-എ-ലാഗോ പാം ബീച്ചിലെ എന്റെ മനോഹരമായ വീട്ടിൽ റെയ്ഡ് നടക്കുകയാണ്. എഫ്ബിഐ ഏജന്റുമാരുടെ ഒരു വലിയ സംഘം അവിടെ നിലയുറപ്പിച്ചിരിക്കുകായണ്. യുഎസിലെ ഒരു പ്രസിഡന്റിനും ഇങ്ങനെ സംഭവിച്ചിട്ടില്ല- ട്രംപ് പറഞ്ഞു.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോടു പരാജയപ്പെട്ട ട്രംപ് 2021 ജനുവരിയിൽ വൈറ്റ്ഹൗസ് വിട്ടപ്പോൾ 15 പെട്ടികളിലായി വിവിധ രേഖകൾ കടത്തിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നാഷണൽ ആർക്കൈവിലെ രഹസ്യരേഖകളടക്കമാണു ട്രംപ് കൊണ്ടുപോയതെന്നാണു മാധ്യമ റിപ്പോർട്ട്. ഈ രേഖകൾ കണ്ടെത്താനാണ് എഫ്ബിഐ സംഘം റെയ്ഡ് നടത്തുന്നത്.
ജനുവരിയിൽ ട്രംപ് രഹസ്യരേഖകൾ നാഷണൽ ആർക്കൈവിനു കൈമാറിയിരുന്നെന്നും ഇനിയെന്തെങ്കിലുമുണ്ടോയെന്ന് അറിയാനാണു റെയ്ഡ് നടത്തുന്നതെന്നു ട്രംപിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, റെയ്ഡിനെക്കുറിച്ച് എഫ്ബിഐയുടെ നീതിന്യായ വിഭാഗം പ്രതികരിച്ചിട്ടില്ല.
2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണു റെയ്ഡ്. റെയ്ഡ് നടന്ന സമയം ട്രംപ് ന്യൂയോർക്കിലായിരുന്നു. റെയ്ഡുമായി സഹകരിക്കുന്നുണ്ടെന്നും മുൻകൂട്ടി അറിയിക്കാതെയാണ് എഫ്ബിഐ സംഘം വസതിയിൽ എത്തിയതെന്നും 45-ാം പ്രസിഡന്റായിരുന്ന ട്രംപ് പറഞ്ഞു. ഇത്തരം തരംതാണ പ്രവർത്തനങ്ങൾ മൂന്നാം ലോകരാജ്യങ്ങളിൽ മാത്രമേ നടക്കൂ. അമേരിക്ക അത്തരം ഒരു രാജ്യമായി അധഃപതിച്ചു- ട്രംപ് പരിഹസിച്ചു.
2024 തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് എന്നെ തടയുന്നതിനായി, ഡെമോക്രാറ്റിക് പാർട്ടി നീതിനിർവഹണ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ്. വാട്ടർഗേറ്റും ഇതും തമ്മിൽ എന്താണു വ്യത്യാസം? അന്നു ഡെമോക്രാറ്റിക് കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കയറി. ഇപ്പോൾ മുൻ പ്രസിഡന്റിന്റെ വസതിയിൽ ഏജന്റുമാർ അതിക്രമിച്ചുകയറി സേഫുകൾ തകർക്കുന്നു- ട്രംപ് കുറ്റപ്പെടുത്തി.
ട്രംപിന്റെ കൈവശം നാഷണൽ ആർക്കൈവിലെ രേഖകൾ എന്തെങ്കിലുമുണ്ടോയെന്ന് അറിയാൻ, നാഷണൽ ആർക്കൈവിന്റെ നിർദേശപ്രകാരമാണ് എഫ്ബിഐ റെയ്ഡ് നടത്തുന്നതെന്നുന് ട്രംപിന്റെ മകൻ എറിക് പറഞ്ഞു. റിപ്പബ്ലിക്കൻസിനു നേരേ യുഎസ് ഭരണകൂടം അധികാരസ്ഥാപനങ്ങളെ ഉപയോഗിക്കുകയാണെന്നു റിപ്പബ്ലിക്കൻസ് നാഷണൽ കമ്മിറ്റി ചെയർവുൺ റോണ മൈക്ക്ഡാനിയേൽ ആരോപിച്ചു.
അറ്റ്ലാന്റിക് സമുദ്രതീരത്ത് 20 ഏക്കറിൽ വ്യാപിച്ചു കിടിക്കുന്ന ആഡംബര ക്ലബ് ഹൗസാണ് മാർ-എ-ലാഗോ എസ്റ്റേറ്റ്. 2018ൽ ഫോബ്സ് മാസിക ഇതിന് 16 കോടി ഡോളറാണു മൂല്യമിട്ടത്. 2021 ജനുവരി ആറിലെ കാപ്പിറ്റോൾ കലാപത്തിലും ട്രംപ് അന്വേഷണം നേരിടുന്നുണ്ട്.