താലിബാനുമായി അമേരിക്ക ചർച്ചയ്ക്ക്
Thursday, June 30, 2022 1:57 AM IST
ഇസ്ലാമാബാദ്: യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റുമായുള്ള ചർച്ചകൾക്കായി അഫ്ഗാൻ ധനകാര്യ, കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥർ ഖത്തറിലെത്തി. കഴിഞ്ഞയാഴ്ച രാജ്യത്തെ പിടിച്ചുകുലുക്കിയ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സാന്പത്തിക സഹായം അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ സംബന്ധിച്ചു നിർണായകമാണ്.
ദക്ഷിണകിഴക്കൻ അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ ഭൂകന്പത്തിൽ 770 പേർ മരിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നാൽ, 1150 പേർ മരിച്ചെന്നും ആയിരത്തിലധികം പേർക്കു പരിക്കേറ്റെന്നും മൂവായിരത്തിലധികം വീടുകൾ തകർന്നെന്നും താലിബാൻ ഭരണകൂടം അറിയിച്ചു.
അമേരിക്കയുമായി ചർച്ച നടത്തുമെന്ന റിപ്പോർട്ടുകൾ താലിബാൻ വിദേശകാര്യ വക്താവ് ഹഫീസ് സിയ അഹ്മദ് സ്ഥിരീകരിച്ചു.
വിദേശകാര്യമന്ത്രി മൗലവി ആമിർ ഖാൻ മുത്താഖിയുടെ നേതൃത്വത്തിനുള്ള സംഘമാണു ചർച്ചകൾക്കായി ഖത്തറിലെത്തിയിരിക്കുന്നത്. ദോഹയിലാണു കൂടിക്കാഴ്ച. അഫ്ഗാനിലെ സാന്പത്തിക, ബാങ്കിംഗ് മേഖലകൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ ഭരണകൂടം അധികാരം തിരിച്ചുപിടിച്ചതിനു പിന്നാലെ 900 കോടി ഡോളറിന്റെ അഫ്ഗാൻ സെൻട്രൽ റിസർവ് ഫണ്ട് ജോ ബൈഡൻ ഭരണകൂടം മരവിപ്പിച്ചിരുന്നു. യുഎസ്-നാറ്റോ സൈന്യം പിൻവാങ്ങിയതിനു പിന്നാലെയാണു താലിബാൻ അധികാരം തിരിച്ചുപിടിച്ചത്.