‘ഒമിക്രോൺ’വെല്ലുവിളി; പിടിച്ചുകെട്ടാനുള്ള ശ്രമത്തിൽ ലോകം
Sunday, November 28, 2021 12:46 AM IST
ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് വകഭേദത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിൽ ലോകരാജ്യങ്ങൾ. ആഗോളതലത്തിലുള്ള ലോക്ഡൗണിലേക്കു കാര്യങ്ങൾ നീങ്ങുമോയെന്ന ആശങ്കയും ഉയരുകയാണ്. അതിനിടെ, ഈ വൈറസ് വകഭേദത്തിന് ലോകാരോഗ്യ സംഘടന ‘ഒമിക്രോൺ’ എന്നു പേരിട്ടു. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമാണ് ഒമിക്രോൺ.
ദക്ഷിണാഫ്രിക്കയിലെ ഗോട്ടെംഗ് പ്രവിശ്യയിൽ കണ്ടെത്തിയ വൈറസ് രാജ്യമൊട്ടുക്കു വ്യാപിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയിൽ 24 ശതമാനത്തിനു മാത്രമാണ് വാക്സിൻ ലഭിച്ചിട്ടുള്ളത്. അതിവേഗം രോഗം പടരാനുള്ള സാധ്യത ഇതുമൂലം കൂടുന്നു.
27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, ഇറാൻ, ബ്രസീൽ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിമാന സർവീസുകൾ നിരോധിക്കുകയോ, അവിടെ യാത്ര ചെയ്തിട്ടുള്ളവർക്കു നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തുകഴിഞ്ഞു. ദക്ഷിണ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ബോട്സ്വാന, സിംബാബ്വെ, നമീബിയ, ലെസോത്തോ, മൊസാംബിക്, മലാവി എന്നീ രാജ്യങ്ങൾക്കും ഇതേ നിരോധനവും നിയന്ത്രണങ്ങളും ബാധകമാക്കി.
ഇന്നലെ ബ്രിട്ടനിൽ രണ്ടുപേർക്ക് ഒമിക്രോൺ കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ ഇറങ്ങിയ രണ്ടു വിമാനങ്ങളിലെ 61 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ വൈറസ് ആണോ രോഗകാരണമെന്നു കണ്ടുപിടിക്കാനായി കൂടുതൽ പരിശോധനകൾ നടത്തും. ജർമനിയിലും ചെക്ക് റിപ്പബ്ലിക്കിലും ഒമിക്രോൺ വൈറസ് എത്തിയതായും സംശയിക്കപ്പെടുന്നു.
നേരത്തെ ബോട്ട്സ്വാന, ബെൽജിയം, ഹോങ്കോംഗ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് മൂലമുള്ള കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഒട്ടനവധിത്തവണ ജനിതകമാറ്റത്തിനു വിധേയമായ വൈറസാണ് ഒമിക്രോൺ. ഇത് ഏറെ ആശങ്കയ്ക്കു വഴിവയ്ക്കുന്നതായി ലോകാരോഗ്യ സംഘടന വിശദീകരിച്ചു. ഒമിക്രോണിന്റെ ആക്രമണ, വ്യാപന, വാക്സിൻ പ്രതിരോധ ശേഷികളെക്കുറിച്ചു വ്യക്തമാകാൻ ആഴ്ചകളെടുക്കും.