അന്പെയ്ത് അഞ്ചുപേരെ കൊന്നതു ഭീകരാക്രമണം: നോർവേ പോലീസ്
Friday, October 15, 2021 11:52 PM IST
ഓസ്ലോ: നോർവേയിലെ കോങ്സ്ബർഗിൽ 37കാരൻ അഞ്ചുപേരെ അന്പെയ്തു കൊലപ്പെടുത്തിയതു ഭീകരാക്രമണമായി കരുതാമെന്നു നോർവേ പോലീസ്.
പ്രതിയായ ഡാനിഷ് പൗരൻ എസ്പെൻ ആൻഡേഴ്സൺ ബ്രാദെൻ അടുത്തിടെയാണ് ഇസ്ലാമിക വിശ്വാസത്തിലേക്കു തിരിഞ്ഞത്. തീവ്രവാദ ആശയങ്ങൾ പിന്തുടരുന്നുവെന്ന സംശയത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്നും അവർ വിശദീകരിച്ചു.
ഓസ്ലോയ്ക്ക് പടിഞ്ഞാറുള്ള കോങ്സ് ബർഗിൽ കഴിഞ്ഞദിവസം നടന്ന ആക്രമണത്തിൽ 50 നും 70 നും മധ്യേ പ്രായമുള്ള മൂന്ന് സ്ത്രീകളുൾപ്പെ ടെയാണ് കൊല്ലപ്പെട്ടത്. പോലീസ് ഓഫീസറുൾപ്പെടെ മൂന്നുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്.
ഏറെക്കാലമായി കോങ്സ്ബർഗിൽ താമസിച്ചുവരികയായിരുന്ന പ്രതി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മുന്പ് പലതവണ മാനസികാരോഗ്യകേന്ദ്രത്തിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നു.
പ്രതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.