ഗർഭഛിദ്രം കൊലപാതകം: ഫ്രാൻസിസ് മാർപാപ്പ
Thursday, September 16, 2021 11:56 PM IST
പേപ്പൽ വിമാനത്തിൽനിന്ന്:ഗർഭഛിദ്രം കൊലപാതകമാണെന്നും ഇക്കാര്യത്തിൽ സഭയ്ക്കു നിലപാട് മാറ്റാനാകില്ലെന്നും ഫ്രാൻസിസ് മാർപാപ്പ.
സഭ അടുപ്പവും അനുകന്പയും പുലർത്തുന്നതായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നാലു ദിവസത്തെ സ്ലൊവാക്യൻ സന്ദർശത്തിനുശേഷം റോമിലേക്കു വിമാനത്തിൽ മടങ്ങവെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മാർപാപ്പ.
ഗർഭഛിദ്രമെന്നതു വെറുമൊരു പ്രശ്നമല്ല. അതു നരഹത്യയാണ്. ഗർഭധാരണത്തിന്റെ മൂന്നാം ആഴ്ച മുതൽ എല്ലാ അവയവങ്ങളും, ഡിഎൻഎ പോലും ഉണ്ടാകുന്നു. അതൊരു മനുഷ്യജീവനാണ്. ഈ മനുഷ്യജീവൻ ബഹുമാനിക്കപ്പെടണം. ഇക്കാര്യം മനസിലാകാത്തവരോട് ഞാൻ ഒരു ചോദ്യം ചോദിക്കുകയാണ്. ഒരു പ്രശ്നം പരിഹരിക്കാൻ ഒരു മനുഷ്യജീവനെ കൊല്ലാൻ അവകാശമുണ്ടോ? അതുകൊണ്ടാണ് ഈ വിഷയത്തിൽ സഭയ്ക്ക് കർക്കശ നിലപാടുള്ളത്.
ഗർഭഛിദ്രം സഭ അംഗീകരിച്ചാൽ അതു ദിനംതോറുമുള്ള കൊലപാതകത്തെ അംഗീകരിക്കുന്നതിനു തുല്യമാകും; മാർപാപ്പ പറഞ്ഞു. വിവാഹം എന്ന കൂദാശ സ്ത്രീപുരുഷ പങ്കാളികൾക്കു മാത്രമേ സ്വീകരിക്കാനാകൂ എന്നും മാർപാപ്പ പറഞ്ഞു.