സുവിശേഷത്തിലധിഷ്ഠിതമായി സഭ സഞ്ചരിക്കണം: മാർപാപ്പ
Monday, September 13, 2021 11:33 PM IST
ബ്രാറ്റിസ്ലാവ: സുവിശേഷ സ്വാതന്ത്ര്യവും വിശ്വാസ സർഗാത്മകതയും ഐക്യം പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളുമുള്ള എളിയ സഭയ്ക്കായി സ്ലൊവാക്യയിലെ മെത്രാന്മാരും വൈദികരും വിശ്വാസികളും പ്രയത്നിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ.
സ്ലൊവാക്യയിലെ അപ്പസ് തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ സെന്റ് മാർട്ടിൻസ് കത്തീഡ്രലിൽ മെത്രാന്മാരും വൈദികരും മതബോധനാധ്യാപകരും വിശ്വാസികളുമായി സംവദിക്കുകയായിരുന്നു മാർപാപ്പ.
ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ച മാർപാപ്പ, തന്നെ ഒരു സഹോദരനെപ്പോലെ കണ്ടാൽ മതിയെന്നു വ്യക്തമാക്കി. ഈ സഭയെയും ഈ രാജ്യത്തെയും കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങളും ചോദ്യങ്ങളും അഭിലാഷങ്ങളും പ്രതീക്ഷകളും അറിയാനാണു ഞാൻ വന്നിരിക്കുന്നത്. അടിയുറച്ച പ്രാർഥനയിലും ഐക്യത്തിലും മുന്നേറുന്ന ആദ്യ ക്രൈസ്തവ സമൂഹമാണിത്- ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
സുവിശേഷത്തിലധിഷ്ഠിതമായി സഞ്ചരിക്കുന്ന സഭയാണ് ആവശ്യം. അത് ഒരു കോട്ടയായിരിക്കരുത്, താഴെയുള്ള ലോകത്തെ സഹായിക്കുന്ന സ്വയം പര്യാപ്തമായ ഒരു മഹനീയ സൗധമായിരിക്കണമെന്നും മാർപാപ്പ വ്യക്തമാക്കി. സഭയിലും സമൂഹത്തിലും സ്വാതന്ത്ര്യം ആവശ്യമാണെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
സ്ലൊവാക്യൻ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സമൂഹ-രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ച് മാർപാപ്പ സംസാരിച്ചു. ഒരു രാഷ്ട്രീയ ചിന്തയുടെ മാത്രം സ്വാധീനം ഒരു രാജ്യത്തിനും നല്ലതല്ലെന്ന് സ്ലൊവാക്യയുടെ കമ്യൂണിസ്റ്റ് ഭരണകാലത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
കൊളോണിയൽ ചിന്താധാരകൾ സ്ലൊവാക്യൻ സമൂഹത്തെ സാധ്വീനിക്കുന്നുണ്ടെന്നു കുടുംബം, ഭ്രൂണഹത്യ, ദയാവധം എന്നിവയെക്കുറിച്ച് പരാമർശിക്കവേ മാർപാപ്പ പറഞ്ഞു.