മാർപാപ്പ സെപ്റ്റംബറിൽ ഹംഗറിയും സ്ലൊവാക്യയും സന്ദർശിക്കും
Thursday, July 22, 2021 12:44 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഹംഗറി, സ്ലൊവാക്യ പര്യടനത്തിന്റെ കാര്യപരിപാടി പുറത്തുവിട്ടു. സെപ്റ്റംബർ 12 മുതൽ 15 വരെയാണു പര്യടനം. 12നു രാവിലെ റോമിൽനിന്നു വിമാനം കയറുന്ന മാർപാപ്പ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ഇറങ്ങും.
പ്രസിഡന്റ്, പ്രധാനമന്ത്രി, മെത്രാൻമാർ, എക്യുമെനിക്കൽ കൗൺസിൽ പ്രതിനിധികൾ, യഹൂദ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 52-ാമത് അന്താരാഷ്ട്ര യൂക്കറിസ്റ്റ് കോൺഗ്രസ് സമാപനത്തോട് അനുബന്ധിച്ച് ദിവ്യബലി അർപ്പിച്ചശേഷം സ്ലൊവാക്യയിലേക്കു പോകും.
13ന് സ്ലൊവാക്യൻ പ്രസിഡന്റ്, മെത്രാന്മാർ, പുരോഹിതന്മാർ, മതനേതാക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. പിറ്റേന്ന് റോമ(നാടോടി) സമുദായവുമായി കൂടിക്കാഴ്ച.
ഫ്രാൻസിസ് മാർപാപ്പ 15ന് സാസ്റ്റിനിൽ ദിവ്യബലി അർപ്പിച്ചശേഷം റോമിലേക്കു മടങ്ങും.