ദക്ഷിണാഫ്രിക്കയിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് മാർപാപ്പ
Monday, July 19, 2021 12:07 AM IST
വത്തിക്കാൻ സിറ്റി: കലാപബാധിതമായ ദക്ഷിണാഫ്രിക്കയിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. രാഷ്ട്രീയ നേതാക്കളും മറ്റുള്ളവരും രാജ്യത്ത് സമാധാനം പുലരാൻ വേണ്ടതു ചെയ്യണമെന്ന് ത്രികാലജപ പ്രാർഥനയോട് അനുബന്ധിച്ച് മാർപാപ്പ അഭ്യർഥിച്ചു. ജൂലൈ നാലിന് റോമിലെ ആശുപത്രിയിൽ കുടലിലെ ശസ്ത്രക്രിയയ്ക്കു വിധേയനായി വത്തിക്കാനിൽ തിരിച്ചെത്തിയശേഷം ആദ്യമായിട്ടാണു മാർപാപ്പ പൊതുജനത്തിനു മുന്നിലെത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം റോമിലെ ആശുപത്രി ബാൽക്കണിയിൽനിന്നു ത്രികാലജപം ചൊല്ലിയിരുന്നു.
ദക്ഷിണാഫ്രിക്കയിലെ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിൽ അടച്ചതിനെത്തുടർന്ന് അരങ്ങേറിയ കലാപത്തിൽ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. കോവിഡ് മഹാവ്യാധി മൂലം ആരോഗ്യപരമായും സാന്പത്തികമായും ക്ലേശിക്കുന്നതിനിടെ അരങ്ങേറിയ കലാപം ജനങ്ങൾക്കു കൂടുതൽ ക്ലേശം നല്കുന്നതായി മാർപാപ്പ ചൂണ്ടിക്കാട്ടി.
ക്യൂബയ്ക്കായി പ്രാർഥന
അസാധാരണമായി സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനു വേദിയായ ക്യൂബയിൽ സമാധാനം പുലരാൻ വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർഥിച്ചു. ദുഷ്കരമായ ഈ സമയത്ത് ക്യൂബയിലെ പ്രിയപ്പെട്ടവർക്കൊപ്പമാണു താനെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണു ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ ജനകീയ പ്രതിഷേധം അരങ്ങേറിയത്. സാന്പത്തിക മുരടിപ്പും തൊഴിലില്ലായ്മയുമൊക്കെയാണ് ജനങ്ങളെ തെരുവിലിറക്കിയത്. ശനിയാഴ്ച സർക്കാർ അനുകൂലികൾ നടത്തിയ പ്രകടനത്തിൽ പ്രസിഡന്റ് ഡയസ് കാനലും മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയും പങ്കെടുക്കുകയുണ്ടായി.