മ്യാൻമർ അട്ടിമറിയെ അപലപിച്ച് യുഎൻ പ്രമേയം; വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു
Sunday, June 20, 2021 12:55 AM IST
യുഎൻ: മ്യാൻമറിലെ പട്ടാള അട്ടിമറിയെ അപലപിച്ച് യുഎൻ. പൊതുസഭയുടെ പ്രമേയത്തെ 119 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ഇന്ത്യയും റഷ്യയും ചൈനയും ഉൾപ്പെടെ 36 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. സൈന്യത്തിനെതിരേ ആയുധ ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ വേണമെന്നു പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യക്രമത്തിലൂടെ ഭരണത്തിലേറിയ ആങ് സാൻ സ്യൂചിയെയും മറ്റു നേതാക്കളെയും മോചിപ്പിക്കണമെന്നും ജനാധിപത്യപ്രക്രിയയെ അംഗീകരിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. കരട് രേഖയിലുള്ളതല്ല പ്രമേയത്തിലുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നത്. ഈ രീതിയിലുള്ള നടപടികളിലൂടെ ക്രിയാത്മകമായ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നില്ലെന്ന് യുഎൻ അംബാസഡർ ടി.എസ്. തിരുമൂർത്തി പറഞ്ഞു.
ആസിയാൻ രാജ്യങ്ങളുടെ അഞ്ചിന കർമപരിപാടികൾക്കൊപ്പമാണ് ഇന്ത്യ. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനൊപ്പം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലാപാടെന്നും തിരുമൂർത്തി കൂട്ടിച്ചേർത്തു.