ഭിന്നതകൾ മറന്ന് ബൈഡനും പുടിനും
Friday, June 18, 2021 12:56 AM IST
ജനീവ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ഇന്നലെ ജനീവയിൽ നടന്നു. ജനീവ തടാകക്കരയിലെ ഉച്ചകോടി വേദിയായ ലാ ഗ്രേഞ്ചിലെ പുരാതന വസതിയിലായിരുന്നു ചർച്ച. സമാധാന നഗരിയിലേക്ക് സ്വാഗതം എന്നു പറഞ്ഞുകൊണ്ടാണ് ബൈഡനെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും പുടിൻ സ്വാഗതം ചെയ്തത്. റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർജി ലാവ്റോവും പുടിനൊപ്പമുണ്ടായിരുന്നു. രണ്ടു സെഷനുകളിലായി ചർച്ച മൂന്നുമണിക്കൂർ നീണ്ടു .
കൂടിക്കാഴ്ചയ്ക്കു മുൻകൈയെടുത്ത ബൈഡനു നന്ദിപറഞ്ഞുകൊണ്ടായിരുന്നു പുടിൻ ബൈഡനു ഹസ്തദാനം ചെയ്തത്. കഴിഞ്ഞ മാർച്ചിൽ തിരിച്ചുവിളിച്ച അംബാസഡർമാരെ ഇരു രാജ്യങ്ങളിലേക്കും തിരിച്ചയയ്ക്കാൻ ധാരണയായി. സൈബർ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്താനും തീരുമാനിച്ചു. ആണവായുധ നിയന്ത്രണത്തിൽ ചർച്ചകൾ ആരംഭിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളുടെയും സുസ്ഥിരനയതന്ത്ര നയം ലോകത്തിനാകെ മാതൃകയാകുമെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലുകളും ഹാക്കിംഗും തുടങ്ങി ഒട്ടനവധി അസ്വാരസ്യങ്ങൾക്കിടയിലായിരുന്നു കൂടിക്കാഴ്ച. അമേരിയിലെ അഞ്ചു പ്രസിഡന്റുമാരുമായി ഭരണത്തിലിരിക്കെ കൂടിക്കാഴ്ച നടത്താൻ സാധിച്ച ഒരേയൊരു റഷ്യൻ പ്രസിഡന്റാണ് പുടിൻ. ബിൽ ക്ലിന്റണ് മുതൽ ബൈഡൻവരെ നീളുന്നതാണ് ഈ നിര.