യുറേനിയം സന്പുഷ്ടീകരണം 60 ശതമാനമാക്കി ഇറാൻ
Tuesday, April 20, 2021 11:45 PM IST
ടെഹ്റാൻ: നതാൻസ് ആണവനിലയത്തിലെ യുറേനിയം സന്പുഷ്ടീകരണത്തോത് അറുപതു ശതമാനമായി ഉയർത്തിയെന്ന് ഇറാൻ അറിയിച്ചു. നേരത്തേ ആണവനിലയത്തിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ആരോപിച്ച ഇറാൻ ഇതിനു പ്രതികാരമായി യുറേനിയം സന്പുഷ്ടീകരണത്തോത് ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
90 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെങ്കിൽ അണുബോംബ് നിർമിക്കാൻ കഴിയും. അമേരിക്ക ഉപരോധങ്ങൾ പിൻവലിച്ചാൽ സന്പുഷ്ടീകരണത്തോത് താഴ്ത്താമെന്നാണ് ഇറാൻ ഇന്നലെ അറിയിച്ചത്.
2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ ആണവകരാർ പ്രകാരം ഇറാൻ, സന്പുഷ്ടീകണത്തോത് 3.67 ശതമാനമാക്കിയിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ട്രംപ് കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതു മുതൽ ഇറാൻ സന്പുഷ്ടീകരണത്തോത് ഉയർത്താൻ തുടങ്ങി.