ഈസ്റ്റർദിനത്തിൽ ഫ്രാൻസിൽ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി
Friday, April 9, 2021 2:03 AM IST
പാരീസ്: ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിൽ ഭീകരാക്രമണം നടത്താൻ ശ്രമിച്ച ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ഫ്രാൻസിലെ മോണ്ടെപെല്ലിയറിൽ ഭീകരാക്രമണത്തിനു ശ്രമിച്ച അഞ്ച് സ്ത്രീകൾ ബേസിയറിൽ പോലീസ് കസ്റ്റഡിയിലാണെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമാനിനും നാഷണൽ പോലീസും ട്വിറ്ററിലൂടെ അറിയിച്ചു. കസ്റ്റഡിയിലുള്ളവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.
ഈസ്റ്റർ ദിനത്തിൽ ആരാധനാലയങ്ങൾക്കു നേരേ ആക്രമണം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. ആക്രമണത്തിനു നേതൃത്വം ചെയ്ത സ്ത്രീ, അവരുടെ അമ്മ, മൂന്നു സഹോദരിമാർ എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടകവസ്തു നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ ഇവരുടെ വീട്ടിൽനിന്നു കണ്ടെത്തിയിട്ടുണ്ടെന്നു ലേ പോയിന്റെ മാഗസിൻ റിപ്പോർട്ട് ചെയ്തു.