ബോട്ടപകടം: ബംഗ്ലാദേശിൽ 27 മരണം
Tuesday, April 6, 2021 12:25 AM IST
ധാക്ക: ബംഗ്ലാദേശിലെ ശിതലാഖ്യാ നദിയിൽ യാത്രാബോട്ടും ചരക്കുകപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 27 പേർ മരിച്ചു. ധാക്കയിൽനിന്ന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറ് നാരയൺഗഞ്ച് ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മുൻഷിഗഞ്ചിലേക്കു പോകുകയായിരുന്ന എംഎൽ സാബിത് അൽ ഹസൻ എന്ന യാത്രാബോട്ടിൽ 100 ലേറെ യാത്രക്കാർ ഉണ്ടായിരുന്നു.
എസ്കെഎൽ-3 എന്ന ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് നദിയിൽ മുങ്ങുകയായിരുന്നു. കൂട്ടിയിടിക്കുശേഷം ചരക്കുബോട്ട് അപകടസ്ഥലത്തുനിന്നു പെട്ടെന്ന് ഓടിച്ചുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. യാത്രക്കാരിൽ ചിലർ നദിയുടെ ഇരുകരയിലേക്കും നീന്തി രക്ഷപ്പെട്ടു.
അഞ്ചു പേരുടെ മൃതദേഹങ്ങൾ ഞായറാഴ്ചയും 22 പേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ചയും കണ്ടെടുത്തു. നേവി, കോസ്റ്റ്ഗാർഡ്, അഗ്നിരക്ഷാ സേനാ, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ഏഴംഗ സമിതി രൂപീകരിച്ച് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 25,000 രൂപ ജില്ലാഭരണകൂടം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.