ബൈഡൻ ഭരണകൂടത്തിൽ 20 ഇന്ത്യൻ വംശജർ
Monday, January 18, 2021 12:28 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ബുധനാഴ്ച അധികാരമേൽക്കുന്ന ജോ ബൈഡന്റെ സർക്കാരിലെ സുപ്രധാന പദവികളിൽ നിയമിക്കപ്പെട്ടിരിക്കുന്നത് 20 ഇന്ത്യൻ വംശജർ. ഇതിൽ 13 പേർ വനിതകളാണ്.
അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള ഇന്ത്യൻ വംശജർക്ക് ഭരണകൂടത്തിൽ ഇത്രയും പ്രാധിനിധ്യം ലഭിക്കുന്നത് ഇതാദ്യമാണ്.
നീര ടാണ്ഡൻ - വൈറ്റ്ഹൗസിലെ മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ, ഡോ. വിവേക് മൂർത്തി - യുഎസ് സർജൻ ജനറൽ, വനിത ഗുപ്ത- നിയമ വകുപ്പിൽ അസോസിയേറ്റ് അറ്റോർണി ജനറൽ, ഉസ്ര സേയ- വിദേശകാര്യ വകുപ്പിൽ അണ്ടർ സെക്രട്ടറി എന്നിവരുടേത് ഏറ്റവും സുപ്രധാന പദവികളാണ്.
മാല അഡിഗ നിയുക്ത പ്രഥമ വനിത ജിൽ ബൈഡന്റെ പോളിസി ഡയറക്ടറും ഗരിമ വർമ പ്രഥമവനിതയുടെ ഓഫീസിന്റെ ഡിജിറ്റൽ ഡയറക്ടറും സാബ്രീന സിംഗ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയുമാണ്.
ഭരത് രാമമൂർത്തി, ഗൗതം രാഘവൻ, വിനയ് റെഡ്ഢി, വേദാന്ത് പട്ടേൽ, തരുൺ ഛബ്ര, സുമോന ഗുഹ, ശാന്തി കളത്തിൽ, സോണിയ അഗർവാൾ, വിധുർ ശർമ, നേഹ ഗുപ്ത, റീമ ഷാ, കാശ്മീരി വംശജരായ ഐഷ ഷാ, സമീറ ഫാസിൽ എന്നിവരാണു വിവിധ പദവികളിൽ നിയമിക്കപ്പെട്ട മറ്റുള്ളവർ.
കമല ഹാരിസ് സെനറ്റ് അംഗത്വം ഇന്നു രാജിവയ്ക്കും
വിൽമിംഗ്ടൺ: നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്നു സെനറ്റ് അംഗത്വം രാജിവയ്ക്കും. ബുധനാഴ്ചയാണ് കമല വൈസ് പ്രസിഡന്റായി അധികാരമേൽക്കുക.