അഫ്ഗാനിസ്ഥാനിൽ രണ്ടു വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു
Monday, January 18, 2021 12:28 AM IST
കാബൂൾ: അഫ്ഗാൻ സുപ്രീംകോടതിയിലെ രണ്ടു വനിതാ ജഡ്ജിമാരെ അജ്ഞാതർ വെടിവച്ചുകൊന്നു. ഇന്നലെ രാവിലെ ജഡ്ജിമാർ വാഹനത്തിൽ ഓഫീസിലേക്കു വരവേ കാബൂളിലെ ഖ്വാല ഇ ഫത്തുള്ള മേഖലയിൽവച്ച് ആക്രമണത്തിനിരയാവുകയായിരുന്നു. കാർ ഡ്രൈവർക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരുടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, സമൂഹ്യപ്രവർത്തകർ മുതലായവരെ ലക്ഷ്യമിട്ട് അടുത്ത മാസങ്ങളിൽ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവം. താലിബാനാണ് ആക്രമണങ്ങൾക്കു പിന്നിലെന്ന് അഫ്ഗാൻ സർക്കാർ ആരോപിക്കുന്നു.
അതേസമയം, താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ ഖത്തറിൽ സമാധാന ചർച്ച നടക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക സാന്നിധ്യം 2500 പേരായി ചുരുക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് അക്രമണം വർധിക്കാൻ ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.