പുതിയ മിസൈലുമായി ഉത്തരകൊറിയ
Friday, January 15, 2021 11:54 PM IST
പ്യോഗ്യാംഗ്: അമേരിക്കയിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കാൻ ഒരുങ്ങുന്നതിനിടെ പുതിയ ആയുധം പുറത്തെടുത്ത് ഉത്തരകൊറിയ. ഇന്നലെ പ്യോഗ്യാംഗിൽ നടന്ന സൈനികപരേഡിൽ അന്തർവാഹിനിയിൽനിന്നു വിക്ഷേപിക്കാവുന്ന മിസൈലാണു പ്രദർശിപ്പിച്ചത്. ഇതിനു മുന്പു കണ്ടിട്ടില്ലാത്ത മിസൈലാണിതെന്ന് ഉത്തരകൊറിയൻ കാര്യങ്ങളിൽ വിദഗ്ധരായവർ അഭിപ്രായപ്പെട്ടു.
അഞ്ചു വർഷം കൂടുന്പോൾ നടക്കുന്ന കൊറിയൻ വർക്കേഴ്സ് പാർട്ടി കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരേഡ്.
ഉത്തരകൊറിയൻ നേതാവ് കിംഗ് ജോംഗ് ഉൻ പരേഡ് വീക്ഷിച്ചു. അമേരിക്കയാണ് ഉത്തരകൊറിയയുടെ ഏറ്റവും വലിയ ശത്രുവെന്ന് കിംഗ് ജോംഗ് ഉൻ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഒക്ടോബറിലെ സൈനിക പരേഡിൽ കാണിച്ച പടുകൂറ്റൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഈ പരേഡിൽ ഇല്ലായിരുന്നു.