കിം ജോംഗ് ഉൻ വർക്കേഴ്സ് പാർട്ടി ജനറൽ സെക്രട്ടറി
Tuesday, January 12, 2021 12:00 AM IST
സിയൂൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ വർക്കേഴ്സ് പാർട്ടി ജനറൽ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കിമ്മിന്റെ പിതാവും മുത്തച്ഛനും വഹിച്ചിരുന്ന പദവിയാണിത്.
സാന്പത്തിക ഞെരുക്കത്തിൽ രാജ്യം നട്ടം തിരിയുന്നതിനിടെ അധികാരം കൂടുതൽ ഉറപ്പിക്കുന്നതിന്റെ നീക്കമാണു പുതിയ പദവി. അണ്വായുധ ശേഖരം വർധിപ്പിക്കുന്നതിനെക്കുറിച്ചും സാന്പത്തികഞെരുക്കം മറികടക്കുന്നതിനെക്കുറിച്ചും പാർട്ടി കോൺഗ്രസിൽ കിംഗ് പ്രസംഗിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർട്ടി കോൺഗ്രസിന്റെ ആറാം ദിനമായ ഞായറാഴ്ചയാണു ജനറൽ സെക്രട്ടറിയായി കിംഗ് അവരോധിക്കപ്പെട്ടത്. വർക്കേഴ്സ് പാർട്ടിയുന്ന പരമോന്നത പദവിയാണിത്. 2016 ലെ പാർട്ടി കോൺഗ്രസിൽ കിമ്മിനെ ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. അതിനു മുന്പ് ഫസ്റ്റ് സെക്രട്ടറി എന്ന പദവിയാണു വഹിച്ചിരുന്നത്. 2011 ൽ പിതാവ് കിം ജോംഗ് രണ്ടാമന്റെ മരണശേഷാണ് കിം ജോംഗ് ഉൻ അധികാരത്തിലെത്തിയത്.