ബ്രിട്ടനിൽ വിതരണം ചെയ്യുന്നത് ഫൈസർ-ബയോൺടെക് വാക്സിൻ
Wednesday, December 2, 2020 11:41 PM IST
ലണ്ടൻ: ബ്രിട്ടനിൽ അടുത്തയാഴ്ച ആദ്യം വാക്സിൻ വിതരണം ആരംഭിക്കുന്പോൾ മുൻഗണന വയോധികർക്കായിരിക്കുമെന്ന് ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. പരിചരണ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും ആരോഗ്യപരമായ അവശതകൾ നേരിടുന്നവർക്കും മുൻഗണനയുണ്ടാകും.
അമേരിക്കയിലെ ഫൈസർ കന്പനിയും ജർമനിയിലെ ബയോൺടെക്കും ചേർന്നു വികസിപ്പിച്ച വാക്സിനാണു ബ്രിട്ടനിൽ വിതരണം ചെയ്യുന്നത്. വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നാണ് നിർമാതാക്കൾ അവകാശപ്പെട്ടിട്ടുള്ളത്. ഒരാൾക്ക് രണ്ടു ഡോസ് ആണു കുത്തിവയ്ക്കേണ്ടത്.
നാലു കോടി ഡോസുകൾക്കാണ് ബ്രിട്ടൻ ഓർഡർ നല്കിയിട്ടുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിന് ഇതു മതിയാകും.
ഫൈസറിന്റെ ബെൽജിയത്തിലുള്ള ഉത്പാദന കേന്ദ്രത്തിൽനിന്ന് എട്ടു ലക്ഷം ഡോസുകൾ ഉടനെത്തും. പുതുവത്സരത്തോടെ വ്യാപകമായി മരുന്നു ലഭിച്ചുതുടങ്ങും. ഫൈസറിന്റെ ഉത്പാദനക്ഷമത അനുസരിച്ചായിരിക്കും വാക്സിൻ വിതരണത്തിന്റെ വേഗതയെന്ന് ബ്രിട്ടീഷ് വൃത്തങ്ങൾ പറഞ്ഞു.
മൈനസ് 70 ഡിഗ്രി സെൽഷസിൽ താഴെ താപനിലയിൽ സൂക്ഷിക്കേണ്ട വാക്സിൻ ബ്രിട്ടനിലെത്തിക്കൽ വെല്ലുവിളിയാണ്. ഇതിനു പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. വാക്സിൻ വിതരണത്തിനായി ഇംഗ്ലണ്ടിലെ 50 ആശുപത്രികൾ സജ്ജീകരിച്ചിട്ടുണ്ട്.