പ്രവാസ ടിബറ്റൻ സർക്കാർ പ്രസിഡന്റ് വൈറ്റ്ഹൗസ് സന്ദർശിച്ചു
Saturday, November 21, 2020 11:57 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ ധർമശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസ ടിബറ്റൻ സർക്കാരിന്റെ(സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ - സിടിഎ) മേധാവി ഡോ. ലോബ്സാംഗ് സാംഗെ വെള്ളിയാഴ്ച വൈറ്റ്ഹൗസ് സന്ദർശിച്ചു ചരിത്രം കുറിച്ചു. ആറു പതിറ്റാണ്ടു പഴക്കമുള്ള സിടിഎയുടെ ഒരു പ്രസിഡന്റ് വൈറ്റ്ഹൗസിന്റെ പടി കയറുന്നത് ഇതാദ്യമാണ്.
ടിബറ്റൻ വിഷയങ്ങളിലെ അമേരിക്കയുടെ പുതിയ സ്പെഷൽ കോ-ഓർഡിനേറ്റർ റോബർട്ട് ഡെസ്ട്രോയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡോ. സാംഗെയെ വൈറ്റ്ഹൗസ് ക്ഷണിച്ചുവരുത്തുകയായിരുന്നു.
വൈറ്റ്ഹൗസിൽ ഔദ്യോഗിക സന്ദർശനത്തിന് അവസരം ലഭിച്ച ആദ്യ സിടിഎ മേധാവി ആകുന്നതു വലിയ ബഹുമതിയാണെന്ന് സാംഗെ പറഞ്ഞു. സിടിഎയുടെ ജനാധിപത്യ വ്യവസ്ഥയ്ക്കും രാഷ്ട്രീയ നേതൃത്വത്തിനും അംഗീകാരം ലഭിക്കുന്നതിനു തുല്യമാണിത്. സിടിഎയും അമേരിക്കയും തമ്മിലുള്ള ബന്ധം വരുംവർഷങ്ങളിൽ കൂടുതൽ ഔദ്യോഗികമാകുമെന്ന പ്രതീക്ഷയും സന്ദർശനം നല്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് ഒക്ടോബർ മധ്യത്തിൽ റോബർട്ട് ഡെസ്ട്രോയെ നിയമിച്ചത്. ടിബറ്റൻ വിഷയത്തിൽ പ്രത്യേക കോ-ഓർഡിനേറ്ററെ നിയമിക്കുന്നത് തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലുള്ള കൈകടത്തലാണെന്ന് ചൈന പ്രതികരിച്ചിരുന്നു.