പാരീസിൽ കൊല്ലപ്പെട്ട അധ്യാപകനു രാജ്യം വിടചൊല്ലി
Thursday, October 22, 2020 11:37 PM IST
പാരീസ്: കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ലാമിക തീവ്രവാദി കഴുത്തറത്തുകൊന്ന അധ്യാപകൻ സാമുവൽ പാറ്റിക്ക് ഇന്നലെ പാരീസിൽ ഫ്രഞ്ച് ജനത അന്ത്യോപചാരമർപ്പിച്ചു. സോർബോൺ സർവകലാശാലയുടെ മുന്പിലുള്ള വിശാലമായ ചത്വരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തു.
തീവ്രവാദത്തിനെതിരെയുള്ള സമരം ഫ്രഞ്ച് ജനത മുന്പോട്ടു കൊണ്ടുപോകുമെന്നു മക്രോൺ തന്റെ പ്രസംഗത്തിൽ പ്രതിജ്ഞ ചെയ്തു. “സാമുവൽ പാറ്റി മൂഢത്വത്തിന്റെയും നുണയുടെയും വെറുപ്പിന്റെയും ഫലമായി ഉണ്ടായ ഗൂഢാലോചനയുടെ ഇരയായിരുന്നു. നാം എന്തായിരിക്കുന്നുവോ അതിനോടുള്ള വെറുപ്പിന്റെ ഇര. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം റിപ്പബ്ലിക്കിന്റെ മുഖമായിത്തീർന്നു”: അദ്ദേഹം പറഞ്ഞു.
അധ്യാപകരോട് അദ്ദേഹം തുടർന്നു പറഞ്ഞു. “ഓരോ വിദ്യാലയത്തിലും അധ്യാപകന്റെ സ്ഥാനവും അധികാരവും നിങ്ങൾക്കു തിരിച്ചുതരും. ഞങ്ങൾ നിങ്ങളെ പരിശീലിപ്പിക്കുകയും സംരക്ഷിക്കുകയും നിങ്ങൾക്കു പിന്തുണ നൽകുകയും ചെയ്യും; വിദ്യാലയത്തിലും പുറത്തും.”ആയിരക്കണക്കിനാളുകളാണ് ചടങ്ങിൽ പങ്കെടുത്ത് സാമുവൽ പാറ്റിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.