അർമേനിയ-അസർബൈജാൻ: വെടിനിർത്തലിനു പിന്നാലെ ഏറ്റുമുട്ടൽ
Monday, October 19, 2020 12:37 AM IST
മോസ്കോ: അർമേനിയയും അസർബൈജാനും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ ധാരണ മിനിറ്റുകൾക്കം ലംഘിക്കപ്പെട്ടു. ശനിയാഴ്ച അർധരാത്രി വെടിനിർത്തലാരംഭിച്ചു. നാലു മിനിറ്റിനകം അസർബൈജാൻ ആക്രമണം നടത്തിയെന്ന് അർമേനിയ ആരോപിച്ചു. അർമേനിയ രണ്ടു മിനിട്ടിനകം കരാർ ലംഘിച്ചതായി അസർബൈജാനും തിരിച്ച് ആരോപിച്ചു.
റഷ്യ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളുടെ ശ്രമഫലമായാണു പുതിയ വെടിനിർത്തൽ ധാരണയുണ്ടായത്. കഴിഞ്ഞയാഴ്ച റഷ്യയുടെ മധ്യസ്ഥതയിൽ വെടി നിർത്താൻ അർമേനിയയും അസർബൈജാനും സമ്മതിച്ചിരുന്നു. എന്നാൽ ഇതിനുശേഷം പലപ്പോഴായി ആക്രമണങ്ങളുണ്ടായി.
സ്വതന്ത്രമായി നിലകൊള്ളുന്ന നാഗാർണോ കാരാബാക് പ്രദേശത്തെച്ചൊല്ലി ഇരു രാജ്യങ്ങളും ഒരു മാസത്തിലധികമായി നടത്തുന്ന യുദ്ധത്തിൽ സിവിലിയന്മാരടക്കം നൂറുകണക്കിനു പേർ കൊല്ലപ്പെട്ടിട്ടുണ്ട്.