യുഎഇ മന്ത്രിക്കെതിരേ പീഡന ആരോപണം
Monday, October 19, 2020 12:37 AM IST
ലണ്ടൻ: യുഎഇ സാംസ്കാരികവകുപ്പു മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെതിരേ ലൈംഗികാരോപണം. ബ്രിട്ടനിലെ പ്രസിദ്ധമായ ഹേ കലാ-സാഹിത്യോത്സവത്തിന്റെ ക്യൂറേറ്റർമാരിലൊരാളായ കെയ്റ്റ്ലിൻ മക്നമർനയാണ് പരാതിക്കാരി. ഫെബ്രുവരിയിൽ അബുദാബിയിൽ നടന്ന സാഹിത്യോത്സവവുമായി ബന്ധപ്പെട്ട് ഷെയ്ഖിനെ കണ്ടപ്പോൾ മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം.
കെയ്റ്റ്ലിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് പോലീസ് അറിയിച്ചു. വ്യക്തിപരമായ വിഷയങ്ങളിൽ പ്രതികരിക്കില്ലെന്നാണ് യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഷെയ്ഖ് അധികാരത്തിൽ തുടരുന്നിടത്തോളം ഹേ ഫെസ്റ്റിവൽ ഇനി അബുദാബിയിൽ നടത്തില്ലെന്ന് അതിന്റെ അധികൃതർ പറഞ്ഞു.