തകർപ്പൻ ജയം; ന്യൂസിലൻഡിൽ ആർഡേൺ അധികാരം നിലനിർത്തി
Sunday, October 18, 2020 12:30 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ തകർപ്പൻ ജയത്തോടെ പ്രധാനമന്ത്രി ജസിൻഡ ആർഡേൺ അധികാരം നിലനിർത്തി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ അവരുടെ ലേബർ പാർട്ടി 49 ശതമാനം വോട്ടും 64 സീറ്റും ഉറപ്പിച്ച് കേവല ഭൂരിപക്ഷം നേടി.
സ്ഥാനാർഥിക്കൊപ്പം ഇഷ്ടപ്പെട്ട പാർട്ടികൂടി വോട്ട് രേഖപ്പെടുത്തുന്ന മിക്സഡ് മെംബർ പ്രൊപ്പോഷണൽ റപ്രസന്റേഷൻ സംവിധാനം 1996ൽ നടപ്പാക്കിയശേഷം ആദ്യമായിട്ടാണ് ഒരു പാർട്ടി കേവല ഭൂരിപക്ഷം നേടുന്നത്. പ്രതിപക്ഷ നാഷണൽ പാർട്ടി 27 ശതമാനം വോട്ട് നേടി. എസിടി ന്യൂസിലൻഡ്, ഗ്രീൻ പാർട്ടികൾ എട്ടു ശതമാനം വച്ച് വോട്ട് നേടി.
സാന്പത്തികമേഖല മാന്ദ്യത്തിലായിട്ടും ലേബർ പാർട്ടിയെ അധികാരം നിലനിർത്താൻ സഹായിച്ചത് ആർഡേണിന്റെ വ്യക്തിപ്രഭാവമാണ്. കോവിഡ് വ്യാപനത്തെ ഏറ്റവും ഫലപ്രദമായി ചെറുത്തതും വലതുപക്ഷ തീവ്രവാദ ആക്രമണത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതും ആർഡേണിനെ ജനപ്രിയയാക്കി.
അന്പതുവർഷത്തിനിടെ ന്യൂസിലൻഡിൽ ഒരു പാർട്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണയാണിതെന്ന് ആർഡേൺ പറഞ്ഞു. കാലാവസ്ഥാ സൗഹൃദ നയങ്ങൾ പിന്തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഫണ്ട് വർധിപ്പിക്കും, വരുമാനം കൂടുതലുള്ളവരിൽനിന്ന് കൂടുതൽ നികുതി ഈടാക്കും തുടങ്ങിയവ നടപ്പാക്കുമെന്ന് അവർ അറിയിച്ചു.
ന്യൂസിലൻഡിൽ മൂന്നു വർഷം കൂടുന്പോഴാണ് പൊതുതെരഞ്ഞെടുപ്പ്. 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാഷണൽ പാർട്ടിക്കായിരുന്നു ഏറ്റവും കൂടുതൽ സീറ്റുകൾ. എന്നാൽ സഖ്യകക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ആർഡേണിനു കഴിഞ്ഞു.