ബോംബാക്രമണം: അഫ്ഗാൻ വൈസ് പ്രസിഡന്റ് രക്ഷപ്പെട്ടു ; 10 മരണം
Wednesday, September 9, 2020 11:31 PM IST
കാബൂൾ: അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയെ ലക്ഷ്യമിട്ട ബോംബാക്രമണത്തിൽ 10 മരണം. മുഖത്തും കയ്യിലും പൊള്ളലേറ്റ അമറുള്ള രക്ഷപ്പെട്ടു. താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ സമാധാന ചർച്ച തുടങ്ങാനിരിക്കെയാണു സംഭവം. എന്നാൽ തങ്ങളല്ല ആക്രമണം നടത്തിയതെന്നു താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. അമറുള്ളാ സലേയുടെ വാഹനവ്യൂഹം കാബൂളിലൂടെ കടന്നുപോകുന്പോഴായിരുന്നു സ്ഫോടനം. ആക്രമണസ്ഥലത്തുണ്ടായിരുന്ന സിവിലിയന്മാരാണു കൊല്ലപ്പെട്ടത്. അമറുള്ളയുടെ അംഗരക്ഷകനടക്കം 15 പേർക്കു പരിക്കേറ്റു.
മുൻ ഇന്റലിജൻസ് മേധാവിയായ അമറുള്ള താലിബാന്റെ വിമർശകനാണ്. ഇതിനു മുന്പ് പല വധശ്രമങ്ങളും അതിജീവിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം അദ്ദേഹത്തിന്റെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.
താലിബാനും അഫ്ഗാൻ സർക്കാരും തമ്മിലുള്ള ചർച്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ വരും ദിവസങ്ങളിൽ നടക്കും. നേരത്തേ താലിബാനും യുഎസും തമ്മിലുണ്ടാക്കിയ സമാധാന ഉടന്പടിയുടെ തുടർച്ചയാണിത്.