ഗായകന്റെ കൊലപാതകം: എത്യോപ്യയിൽ മരണം 239
Thursday, July 9, 2020 12:33 AM IST
ആഡിസ് അബാബ: ഒറൊമോ വംശീയ ന്യൂനപക്ഷത്തിൽപ്പെട്ട പോപ് ഗായകൻ ഹചാലു ഹണ്ടേസ കൊല്ലപ്പെട്ടതിനു പിന്നാലെ എത്യോപ്യയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങളിലും വംശീയ സംഘർഷങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം 239 ആയി.
ജൂൺ 29ന് അജ്ഞാതസംഘം ഹണ്ടേസയെ വെടിവച്ചുകൊല്ലുകയായിരുന്നു. സാന്പത്തികമായും രാഷ്ട്രീയമായും അവഗണന നേരിടുന്ന ഒറോമോ വിഭാഗം ഇദ്ദേഹത്തെ തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന നായകനായിട്ടാണു കണ്ടിരുന്നത്. ആഡിസ് അബാബയിലും ഒറോമോകൾക്കു ഭൂരിപക്ഷമുള്ള ഒറോമിയ മേഖലയിലും വലിയ പ്രതിഷേധങ്ങളും ഏറ്റുമുട്ടലും ഉണ്ടായി.
മരിച്ചവരിൽ ഒന്പതു പോലീസുകാരും അഞ്ചു സായുധ പോരാളികളും 215 സിവിലിയന്മാരും ഉൾപ്പെടുന്നു. സർക്കാർ, സ്വകാര്യ മുതലുകൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. 3500 പേർ അറസ്റ്റിലായി.