ഹോങ്കോംഗിൽ ടിക്ടോക് പ്രവർത്തനം നിർത്തുന്നു
Wednesday, July 8, 2020 12:14 AM IST
ഹോങ്കോംഗ്: ചൈനീസ് ആപ്പായ ടിക്ടോക്, ചൈനീസ് സ്വയംഭരണ പ്രവിശ്യയായ ഹോങ്കോംഗിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഇന്നലെ അറിയിച്ചു. ഹോങ്കോംഗിനെ പൂർണനിയന്ത്രണത്തിലാക്കാൻ ചൈന കൊണ്ടുവന്ന പുതിയ നിയമം പാലിക്കാനാകില്ലെന്നു പറഞ്ഞാണിത്. നിയമപ്രകാരം ദേശീയ സുരക്ഷയുടെ പേരിൽ, ഉപയോക്താക്കളുടെ വിവരങ്ങൾ അധികൃതർക്കു കൈമാറേണ്ടിവരും.
ഇന്ത്യയിലെ നിരോധനമടക്കം വൻ പ്രതിസന്ധി നേരിടുന്ന ടിക്ടോക്കിന്റെ ഈ തീരുമാനം തന്ത്രപരമാണെന്നു വിലയിരുത്തപ്പെടുന്നു. ചൈനീസ് സർക്കാർ ചാരപ്പണിക്ക് ഈ ആപ് ഉപയോഗിക്കുന്നതായി ആരോപണമുണ്ട്.
ഹോങ്കോംഗ് തീരുമാനത്തിലൂടെ ഡേറ്റാ ചോർത്തുന്നതിനെ അനുകൂലിക്കുന്നവരല്ല തങ്ങളെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ടിക്ടോക്കിനാകും. ബെയ്ജിംഗിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആപ്പല്ലെന്നും ബോധ്യപ്പെടുത്താം.
ഫേസ്ബുക്, വാട്സാപ്, ട്വിറ്റർ, ഗൂഗിൾ, ടെലഗ്രാം തുടങ്ങിയ ടെക് ഭീമന്മാർ ഹോങ്കോംഗിലെ പ്രവർത്തനത്തിൽ മാറ്റം വരുത്തുന്നതായി നേരത്തേ അറിയിച്ചിരുന്നു. തുടർന്നാണ് ടിക്ടോക്കിന്റെ തീരുമാനമുണ്ടായത്. ഇന്ത്യയിലെ നിരോധനം ടിക്ടോക്കിന്റെ പരസ്യവരുമാനത്തിൽ നൂറു കോടി ഡോളറിന്റെ കുറവ് വരുത്തുമെന്നാണ് അനുമാനം.