പോലീസ് ക്രൂരതയുടെ പുതിയ വീഡിയോ പുറത്തായി
Saturday, June 27, 2020 12:15 AM IST
മയാമി: കറുത്ത വംശജയുടെ കഴുത്തിൽ കാൽമുട്ട് കുത്തിപ്പിടിച്ച അമേരിക്കൻ പോലീസുകാരനെതിരേ കയ്യേറ്റത്തിനു കേസെടുത്തു. ജനുവരിയിൽ ഫ്ലോറിഡ സംസ്ഥാനത്തെ മയാമിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്നാണു നടപടി.
ജോർഡി യേൻസ് മാർട്ടൽ എന്ന പോലീസുകാരനാണ് പ്രതി. 33 വയസുള്ള സഫിയ സാഷെൽ ആണ് അതിക്രമത്തിനിരയായത്. ഇവരെ കാറിൽനിന്നു വലിച്ചിട്ട് കഴുത്തിൽ മുട്ടുകുത്തിപ്പിടിക്കുകയും ഉദരത്തിൽ വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
സഫിയയ്ക്കെതിരേ പോലീസിനെ കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തിയെങ്കിലും പിന്നീട് ഒഴിവാക്കി. മാർട്ടലിനെയും മറ്റൊരു പോലീസുകാരൻ കസ്റ്റാനോയേയും കഴിഞ്ഞയാഴ്ച ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
സമാന രീതിയിലെ പോലീസ് ഇടപെടലിലാണ് ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശജൻ കൊല്ലപ്പെട്ടത്. ഇതിനെത്തുടർന്ന് യുഎസിൽ ഉടനീളം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല.