ഖഷോഗിയുടെ ഘാതകർക്ക് കുടുംബം മാപ്പു നൽകി
Saturday, May 23, 2020 12:03 AM IST
കയ്റോ: കോളിളക്കം സൃഷ്ടിച്ച ജമാൽ ഖഷോഗി വധക്കേസിലെ പ്രതികൾക്ക് ഖഷോഗിയുടെ കുടുംബം മാപ്പു നൽകി. ഇതോടെ പ്രതികൾക്ക് വധശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ മാർഗം തെളിഞ്ഞു.
രക്തസാക്ഷിയായ ജമാൽ ഖഷോഗിയുടെ മക്കളായ ഞങ്ങൾ, പിതാവിനെ വധിച്ചവർക്ക് മാപ്പു നൽകുന്നു- മക്കളിലൊരാളായ സലാ ഖഷോഗി ട്വിറ്ററിൽ കുറിച്ചു. മാപ്പു നൽകുകയും അനുരഞ്ജനം നടപ്പാക്കുകയും ചെയ്യുന്നവർക്ക് ദൈവത്തിൽ നിന്നു പ്രതിഫലം ലഭിക്കുമെന്നു പുണ്യമാസമായ റമദാനിൽ പുറപ്പെടുവിച്ച സന്ദേശത്തിൽ സലാ ഖഷോഗി വ്യക്തമാക്കി.
തുർക്കിയിലെ ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ എത്തിയ വാഷിംഗ്ടൺ പോസ്റ്റ് ലേഖകൻ ജമാൽ ഖഷോഗിയെ സൗദി ഏജന്റുമാർ കൊലപ്പെടുത്തുകയും ശരീരം കഷണങ്ങളാക്കി മുറിച്ച് ആസിഡിൽ ലയിപ്പിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം. 2018 ഒക്ടോബറിൽ ഖഷോഗി കോൺസുലേറ്റിൽ എത്തിയതിനു രേഖയുണ്ട്. പിന്നീടാരും അദ്ദേഹത്തെ കണ്ടിട്ടില്ല. സൗദിക്ക് അനഭിമതനായ ഖഷോഗിയെ വകവരുത്താൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഉത്തരവിട്ടതെന്നും ആരോപണമുയർന്നിരുന്നു. ആരോപണങ്ങൾ സൗദി സർക്കാർ നിഷേധിച്ചു.
ഖഷോഗിയെ വധിച്ച അക്രമി സംഘത്തിൽപ്പെട്ടവരെന്നു സംശയിക്കുന്ന അഞ്ചുപേർക്ക് ഡിസംബറിൽ സൗദി കോടതി വധശിക്ഷ വിധിച്ചു. മറ്റു മൂന്നു്പേർക്ക് 24 വർഷം തടവും നൽകി. എന്നാൽ തുർക്കി സർക്കാരും മനുഷ്യാവാകാശ ഗ്രൂപ്പുകളും സൗദിയിലെ വിചാരണയെ ചോദ്യം ചെയ്തു.
തുർക്കി സർക്കാർ സ്വന്ത നിലയ്ക്ക് അന്വേഷണം നടത്തി 20 സൗദി പൗരന്മാർക്ക് എതിരേ കേസ് ചാർജ് ചെയ്തു. ഇവരിൽ 18 പേർക്ക് വധശിക്ഷ നൽകണമെന്ന് ഈസ്റ്റാംബൂൾ പ്രോസിക്യൂട്ടർ നിർദേശിച്ചു. മറ്റു രണ്ടുപേരായ മുൻ സൗദി ഇന്റലിജൻസ് ഉപദേഷ്ടാവ് അഹമ്മദ് അൽ അസിരി, മുൻ രാജകീയ ഉപദേഷ്ടാവ് സൗദ് അൽഖഹത്താനി എന്നിവർക്ക് എതിരേ പ്രേരണാക്കുറ്റവും ചുമത്തി.
പ്രതികൾക്ക് മാപ്പു നൽകിയതിനാൽ അവർ വധശിക്ഷയിൽനിന്ന് ഒഴിവാകുമെന്ന് അറബ് ന്യൂസ് റിപ്പോർട്ടു ചെയ്തു. എന്നാൽ കുറഞ്ഞശിക്ഷ കിട്ടും. ഇരയുടെ കുടുംബം മാപ്പു നൽകിയാൽ പ്രതികളുടെ വധശിക്ഷ ഒഴിവാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. മാപ്പു നൽകിയ സംഭവത്തെക്കുറിച്ച് ഇതുവരെ സൗദി സർക്കാർ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.