ഇന്ത്യ ചെലവാക്കുന്നതിന്റെ മൂന്നിരട്ടി തുക ചൈന പ്രതിരോധത്തിനു നീക്കിവച്ചു
Saturday, May 23, 2020 12:03 AM IST
ബെയ്ജിംഗ്: കോവിഡ് പ്രതിസന്ധിയിലും പ്രതിരോധച്ചെലവിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു ചൈന. ഇക്കുറി ചൈനയുടെ പ്രതിരോധ ബജറ്റ് 17,900 കോടി ഡോളർ(1.27 ട്രില്യൻ ചൈനീസ് യുവാൻ) ആയിരിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 6.6 ശതമാനമാണ് വർധന. ഇന്ത്യ പ്രതിരോധത്തിനു ചെലവഴിക്കുന്നതിന്റെ 2.7 മടങ്ങ് വരും ഈ തുക. നിയമനിർമാണ സഭയായ നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ ഇന്നലെ വച്ച കരട് ബജറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
ചൈനീസ് മിലിട്ടറി എണ്ണംകൊണ്ട് ലോകത്തിൽ ഒന്നാമതും പ്രതിരോധ വിഹിതത്തിൽ യുഎസിനു പിന്നിൽ രണ്ടാമതുമാണ്. യുഎസിന്റെ ഈ വർഷത്തെ പ്രതിരോധ ബജറ്റ് 73,200 കോടി ഡോളർ ആയിരുന്നു. ഇന്ത്യയുടേത് 6,690 കോടി ഡോളറും.
അതേസമയം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പ്രതിരോധവിഹിതത്തിലെ വർധനവിൽ ഇക്കുറി ചൈന കുറവ് വരുത്തിയിട്ടുണ്ട്.
ബജറ്റിൽ നീക്കിവയ്ക്കുന്നതിനേക്കാൾ കൂടുതൽ തുക ചൈന പ്രതിരോധത്തിനു ചെലവഴിക്കുന്നതായി ആരോപണമുണ്ട്. അവരുടെ കഴിഞ്ഞ വർഷത്തെ ചെലവ് 23200 കോടി ഡോളർ ആയിരുന്നുവെന്നാണ് സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.