തിരിച്ചുവരുന്ന ഫ്ളൂ പോലെ കോവിഡ് മാറുമെന്ന്
Saturday, March 28, 2020 12:07 AM IST
വാഷിംഗ്ടണ്‍ ഡിസി: കോവിഡ്-19 ആവർത്തിച്ചുവരാവുന്ന ഫ്ളൂപോലെ മാറിക്കൊണ്ടിരിക്കുന്നതായി സംശയം. പകർച്ചവ്യാധികളെപ്പറ്റി ഗവേഷണം നടത്തുന്ന പ്രമുഖ ശാസ്ത്രജ്ഞൻ ആന്റണി ഫൗസിയാണ് ഈ സംശയം ഉന്നയിച്ചത്. ഇപ്പോൾ ബാധിച്ച പ്രദേശത്തുനിന്നു തൽക്കാലം പിൻമാറിയാലും അടുത്തവർഷം അനുകൂല കാലാവസ്ഥ വരുന്പോൾ വീണ്ടും വരുന്ന സീസണൽ ഫ്ളൂ പോലെ കോവിഡും മാറുന്നതായാണ് സംശയം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രവർത്തിക്കുന്ന ഫൗസി വാക്സിൻ കണ്ടെത്തുന്നതിനാണ് ലോകം മുൻഗണന നൽകേണ്ട തെന്നും പറഞ്ഞു. വാക്സിൻ വ്യാപകമായി നൽകിയാൽ രോഗബാധ തടയാനും ചിലപ്പോൾ രോഗം തന്നെ ഇല്ലാതാക്കാനും കഴിയും. കോവിഡ്-19 ഭൂമധ്യരേഖയ്ക്കു തെക്കുള്ള രാജ്യങ്ങളിലേക്കു വേരുപടർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ ശീതകാലം തുടങ്ങുകയാണ്. ശീതകാലത്ത് ഈ രോഗബാധ കൂടുതൽ തീവ്രമാണ്.
നേരത്തെ ചൈനീസ് ശാസ്ത്രജ്ഞനും ശീതകാലത്തു കോവിഡ് ബാധ തീവ്രമാണെന്ന നിഗമനത്തിലെത്തിയിരുന്നു. ശീതകാലത്ത് വായുകണികകൾ കൂടുതൽ കാലം നിലനിൽക്കും.
ശ്വാസോച്ഛ്വാസ വേളയിലും തുമ്മുന്പോഴും സംസാരിക്കുന്പോഴും പുറത്തുവരുന്ന വായുകണിക(എയ്റോസോൾ)കൾ ആണ് കോവിഡ് വൈറസിന്റെ വാഹകർ. ഇവ കൂടുതൽ സമയം നിലനിൽക്കുന്പോൾ കൂടുതൽ വൈറസുകൾ പടരും.