നവാസ് ഷരീഫിനെതിരേ നടപടി
Thursday, February 27, 2020 12:11 AM IST
ഇസ്ലാമാബാദ്: ലണ്ടനിൽ ചികിത്സയ്ക്കു പോയ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ പാക് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ലണ്ടനിലെ ഡോക്ടർമാരിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ട് ഷരീഫ് ഹാജരാക്കിയില്ലെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവന്ന ഷരീഫ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ലണ്ടനിൽ ചികിത്സയ്ക്കു പോയത്. നിയമപ്രകാരം സർക്കാരിന് ഇപ്രകാരം ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാമോ എന്ന കാര്യം വിശദീകരിക്കാൻ പ്രധാനമന്ത്രി ഇമ്രാന്റെ സ്പെഷൽ അസിസ്റ്റന്റായ ഫിർദൂസ് അഷിക് അവാൻ തയാറായില്ല.