ഡമാസ്കസിൽ ഇസ്രേലി വ്യോമാക്രമണം
Tuesday, February 25, 2020 12:07 AM IST
ജറുസലം: ഡമാസ്കസ് വിമാനത്താവളത്തിനു സമീപം ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേൽ വ്യക്തമാക്കി. ശത്രു മിസൈലുകളെ വെടിവച്ചിട്ടെന്ന് സിറിയയും അവകാശപ്പെട്ടു. ഗാസയിലും ഇസ്രേലി വിമാനങ്ങൾ ആക്രമണം നടത്തി.
ഗാസയിൽ നിന്ന് ഞായറാഴ്ച ഇസ്രയേലിലേക്ക് തീവ്രവാദികൾ 20 റോക്കറ്റുകൾ അയച്ചു. ഇതിനു പകരം വീട്ടാനാണ് ഡമാസ്കസിലും ഗാസയിലും ഇസ്രേലികൾ ആക്രമണം നടത്തിയത്. ഡമാസ്കസിലെ ആക്രമണത്തിൽ തങ്ങളുടെ രണ്ടു പ്രവർത്തകർ കൊല്ലപ്പെട്ടെന്നും ഇതിനു പ്രതികാരം ചെയ്യുമെന്നും ജിഹാദ് ഗ്രൂപ്പ് വ്യക്തമാക്കി.