ജപ്പാൻ തീരത്തെ കപ്പലിൽ മൂന്നാമതൊരു ഇന്ത്യക്കാരനും രോഗം സ്ഥിരീകരിച്ചു
Saturday, February 15, 2020 12:19 AM IST
ടോക്കിയോ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജപ്പാൻ തീരത്ത് ക്വാറന്റൈൻ ചെയ്തിട്ടിരിക്കുന്ന ഉല്ലാസക്കപ്പലിലെ മൂന്നാമതൊരു ഇന്ത്യക്കാരനും രോഗബാധ സ്ഥിരീകരിച്ചുവെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. കപ്പലിലെ 218 പേർ ഇപ്പോൾ രോഗബാധിതരാണ്. 3,711 പേരുമായി ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പൽ കഴിഞ്ഞയാഴ്ചയാണ് ഹോങ്കോംഗിൽ നിന്ന് ജപ്പാൻ തീരത്തെത്തിയത്.
കപ്പലിലെ ആറ് യാത്രക്കാരും 138 ജീവനക്കാരും ഇന്ത്യയിൽ നിന്നുള്ളവരാണ്. രോഗംബാധിച്ച 218 പേരിൽ ഇന്ത്യക്കാരായ രണ്ട് ജീവനക്കാരും ഉണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും എംബസി അധികൃതർ അറിയിച്ചു. കപ്പലിലെ മറ്റ് ഇന്ത്യക്കാർക്കു പ്രശ്നങ്ങളൊന്നുമില്ല. രോഗബാധിതരായ ഇന്ത്യക്കാരുടെ ആരോഗ്യനില തൃപ്തികരമാണ്. ജാപ്പനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.