കാഷ്മീർ വിഷയം: യുഎന്നിൽ ചർച്ചയാക്കാനുള്ള പാക് നീക്കത്തെ അപലപിച്ച് ഇന്ത്യ
Friday, January 17, 2020 12:07 AM IST
ഐക്യരാഷ്ട്രസഭ: ഉറ്റസുഹൃത്തായ ചൈനയുടെ സഹായത്തോടെ കാഷ്മീർ വിഷയം യുഎൻ രക്ഷാസമിതിയിൽ ചർച്ചയാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ അപലപിച്ച് ഇന്ത്യ. യുഎൻ രക്ഷാസമിതി ചട്ടങ്ങളുടെ ദുരുപയോഗമാണിതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള സമവായത്തിൽ പാക്കിസ്ഥാന്റെ എക്കാലത്തെയും സഖ്യമായ ചൈനയും ജാഗ്രത പുലർത്തണമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കാഷ്മീർ വിഷയം യുഎൻ രക്ഷാ സമിതിയിൽ ചർച്ചയാക്കാൻപാക്കിസ്ഥാൻ നീക്കം നടത്തിയത്. പതിനഞ്ചംഗ രക്ഷാസമിതിയിൽ ആരും അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ ചൈന ഒറ്റപ്പെട്ടു. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള ആഭ്യന്തരവിഷയമാണു കാഷ്മീർ എന്ന നിലപാടിൽ അംഗങ്ങൾ ഉറച്ചു നിൽക്കുകയായിരുന്നു. അതേസമയം, രക്ഷാസമിതി യോഗത്തിനു ശേഷം ചൈനയും പാക്കിസ്ഥാനും തങ്ങളുടെ നീക്കം ഫലം കണ്ടുവെന്ന രീതിയിലാണു പ്രതികരിച്ചത്.
ചൈന വിഷയം അവതരിപ്പിച്ചെങ്കിലും രക്ഷാസമിതിയിൽ കാര്യമായ ചർച്ച ഉണ്ടായില്ലെന്ന് യൂറോപ്യൻ വൃത്തങ്ങൾ സൂചിപ്പിച്ചതായി ഇന്ത്യയുടെ യുഎൻ അംബാസഡർ സയ്യിദ് അക്ബറുദ്ദീൻ അറിയിച്ചു.
ചൈനയുടെ നീക്കം വിഷയത്തിൽനിന്നുള്ള ശ്രദ്ധമാറ്റലാണെന്ന് പല അംഗങ്ങളും വിലയിരുത്തി. ഉഭയകക്ഷിതലത്തിലാണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന് ഒരു യൂറോപ്യൻ പ്രതിനിധി വ്യക്തമാക്കി.
രക്ഷാസമിതി നല്കിയ വ്യക്തമായ സന്ദേശം മനസിലാക്കി ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പാക്കിസ്ഥാൻ നടപടികൾ എടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി അക്ബറുദ്ദീൻ കൂട്ടിച്ചേർത്തു.
അതേസമയം, ജമ്മു കാഷ്മീർ വിഷയത്തിൽ യുഎൻ രക്ഷാസമിതി യോഗം ചേർന്നുവെന്നാണു ചൈനയുടെ അംബാസഡർ ഴാംഗ് ജുൻ പിന്നീട് പറഞ്ഞത്. ഇന്ത്യ- പാക്കിസ്ഥാൻ പ്രശ്നം എന്നും രക്ഷാസമിതി അജൻഡയിലുണ്ട്. കാഷ്മീരിലെ സ്ഥിതിവിശേഷങ്ങളിൽ ചൈനയ്ക്കുള്ള ആശങ്ക അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
രക്ഷാസമിതി യോഗത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വാഗതം ചെയ്തു. കാഷ്മീർ വിഷയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട തർക്കമാണെന്നും അതു പരിഹരിക്കാൻ രക്ഷാസമിതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഗസ്റ്റിൽ ഇന്ത്യ ജമ്മുകാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിനു ശേഷം ചൈന ഇതു മൂന്നാം തവണയാണ് കാഷ്മീർ വിഷയം യുഎൻ രക്ഷാസമിതിയിൽ ചർച്ചയാക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യയുടെ നടപടികൾ ആഭ്യന്തരകാര്യം മാത്രമാണെന്നു പറഞ്ഞാണ് ഓഗസ്റ്റിലെ ചൈനയുടെ നീക്കം രക്ഷാസമിതി തള്ളിയത്. കഴിഞ്ഞമാസം ചൈന നടത്തിയ രണ്ടാം നീക്കം യുഎസ്, ബ്രിട്ടൻ, റഷ്യ, ഫ്രാൻസ് എന്നിവർ ചേർന്നു പരാജയപ്പെടുത്തി. കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്കിൽ ചൈനയും അവകാശം ഉന്നയിക്കുന്നുണ്ട്.