പരിധി വയ്ക്കാതെ യുറേനിയം സന്പുഷ്ടീകരിക്കും: ഹസൻ റുഹാനി
Friday, January 17, 2020 12:07 AM IST
ടെഹ്റാൻ: പരിധിയില്ലാതെ യുറേനിയം സന്പുഷ്ടീകരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി.ആണവക്കരാറിനു മുന്പുള്ളതിനേക്കാളും മെച്ചപ്പെട്ട തോതിലാണ് ഇപ്പോൾ യുറേനിയം സന്പുഷ്ടീകരണം നടക്കുന്നതെന്നും ബാങ്ക് മേധാവികളുടെ യോഗത്തിൽ റുഹാനി വ്യക്തമാക്കി.
അമേരിക്ക ഏകപക്ഷീയമായി കരാറിൽ നിന്നു പിന്മാറിയെങ്കിലും കരാർ വ്യവസ്ഥകൾ പൂർണമായി ഇറാൻ ഉപേക്ഷിച്ചിരുന്നില്ല. എന്നാൽ ഈ മാസം മൂന്നിന് ജനറൽ സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതിനെത്തുടർന്ന് എല്ലാ നിയന്ത്രണങ്ങളും ഇറാൻ ഉപേക്ഷിക്കുകയായിരുന്നു. ആണവക്കരാറിലെ മറ്റു കക്ഷികളിൽപ്പെട്ട ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവ കരാർ വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരേ ഇറാനു മുന്നറിയിപ്പു നൽകിയത് കഴിഞ്ഞദിവസമാണ്.
എന്നാൽ ഇതൊന്നും വകവയ്ക്കുന്നില്ലെന്നാണ് റുഹാനിയുടെ പ്രസ്താവന തെളിയിക്കുന്നത്. കരാർ സംരക്ഷിക്കാൻ ഇനിയും ആഗ്രഹമുണ്ടെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറൽ പറഞ്ഞു.