നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തി
Friday, November 22, 2019 11:37 PM IST
ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തി. ഇസ്രായേലിന്റെ ചരിത്രത്തിൽ ആദ്യമായാണു അധികാരത്തിലുള്ള പ്രധാനമന്ത്രിക്കെതിരേ അഴിമതിക്കുറ്റം ചുമത്തപ്പെടുന്നത്. നെതന്യാഹുവിനെതിരേ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തുമെന്ന് അറ്റോർണി ജനറൽ അവിചായ് മെൻഡൽബ്ലിറ്റ് പ്രഖ്യാപിച്ചു. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാലു ദിവസത്തെ വാദം കേട്ടശേഷമാണ് അറ്റോർണി ജനറലിന്റെ തീരുമാനമുണ്ടായത്.
നെതന്യാഹുവും ഭാര്യ സാറയും 2,60,000 ഡോളറിലധികം വില വരുന്ന ആഡംബര വസ്തുക്കൾ രാഷ് ട്രീയ ആനുകൂല്യങ്ങൾക്കു പകരമായി സ്വീകരിച്ചുവെന്നും അനുകൂല വാർത്തകൾക്കു പകരമായി രണ്ടു മാധ്യമ കന്പനികൾക്ക് പ്രത്യുപകാരം ചെയ്തുവെന്നും കാണിച്ചാണു കേസുകൾ ചുമത്തിയിരിക്കുന്നത്.