സിറിയയുടെയും ഇറാന്റെയും സൈനികകേന്ദ്രങ്ങൾ തകർത്തു
Thursday, November 21, 2019 12:25 AM IST
ജറുസലം: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും പരിസരത്തും ഇസ്രേലികൾ ഇന്നലെ പുലർച്ചെ നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ഇറാന്റെയും സിറിയയുടെയും സൈനിക കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർന്നു. കൊല്ലപ്പെട്ടവരിൽ നിരവധി വിദേശികളുണ്ടെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു.
ഇസ്രേലി മേഖലയിലേക്കു റോക്കറ്റ് ആക്രമണം നടത്തിയതിനു പ്രതികാരമായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.
"ഞങ്ങളെ ഉപദ്രവിക്കുന്നവരെ ഞങ്ങളും ഉപദ്രവിക്കും' -ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി.
ഡമാസ്കസ് അന്തർദേശീയ വിമാനത്താവളത്തിനു സമീപം ഇറാൻ വിപ്ളവ ഗാർഡുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന നിയന്ത്രണ കേന്ദ്രം ആക്രമണത്തിൽ തകർന്നു. ഇറാനിൽനിന്ന് സിറിയയിലേക്കുള്ള ആയുധങ്ങളും മറ്റും കൊണ്ടുവരുന്നത് ഈ കേന്ദ്രം മുഖേനയായിരുന്നു.
ഡമാസ്കസിൽ ആക്രമണം നടത്തിയ ഇസ്രേലി യുദ്ധവിമാനങ്ങൾക്കു നേരേ വിമാനവേധ മിസൈലുകൾ പ്രയോഗിച്ചെന്ന് സിറിയ അറിയിച്ചു. എന്നാൽ തങ്ങളുടെ വിമാനങ്ങൾക്ക് യാതൊരു കേടും പറ്റിയില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി.