ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു
Saturday, November 16, 2019 10:58 PM IST
ടെഹ്റാൻ:പെട്രോളിന് അപ്രതീക്ഷിതമായി വില ഉയർത്തിയതിനു പുറമേ റേഷനിംഗ് ഏർപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് ഇറാനിൽ പ്രക്ഷോഭം. തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ നഗരങ്ങളിൽ ജനങ്ങൾ വാഹനങ്ങൾ റോഡുകളിൽ നിർത്തിയിട്ടാണ് പ്രതിഷേധം അറിയിച്ചത്. പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു.
വെള്ളിയാഴ്ച മുതൽ രാജ്യത്ത് പെട്രോൾവിലയിൽ 50ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. യുഎസ് ഉപരോധം മൂലം തകർന്ന സന്പദ്ഘടനയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു നീക്കം. ടെഹ്റാനു പുറമേ രാജ്യത്തെ രണ്ടാമത്തെ നഗരമായ മഷ്ഹാദ്, ബിർജാന്ദ്, ഷിറാസ്, ബന്ദർ അബാസ് തുടങ്ങിയ ഇടങ്ങളിലും പ്രതിഷേധം അരങ്ങേറി.
പെട്രോളിനുണ്ടായിരുന്ന കനത്ത സബ്സിഡി എടുത്തുകളയുന്നതോടെ ലഭിക്കുന്ന വരുമാനം താഴ്ന്ന വരുമാനക്കാരുടെ ക്ഷേമത്തിന് ഉപകരിക്കുമെന്നാണു സർക്കാർ ഭാഷ്യം.