ഹോങ്കോംഗ് സമരം കൈവിട്ട കളിയായി മാറുന്നു: പോലീസ്
Thursday, November 14, 2019 11:21 PM IST
ഹോങ്കോംഗ്: അഞ്ചുമാസത്തിലധികമായി തുടരുന്ന ജനാധിപത്യപ്രക്ഷോഭം കൈവിട്ട കളിയായി മാറുകയാണെന്ന് ഹോങ്കോംഗ് പോലീസ് വക്താവ് സെ ചുൻ ചുംഗ്. നഗരത്തെ അരാജകത്വത്തിലേക്കു നയിക്കുന്ന വിദ്യാർഥികളുടെ പ്രവൃത്തി തീവ്രവാദപ്രവർത്തനങ്ങൾക്കു തൊട്ടടുത്തെത്തിയെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
അതേസമയം, ഹോങ്കോംഗിൽ കർഫ്യൂ ഏർപ്പെടുത്താൻ പോകുകയാണെന്ന റിപ്പോർട്ടുകൾ പോലീസ് വക്താവ് നിഷേധിച്ചു. നേരത്തേ ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എന്നാൽ ട്വീറ്റ് പിന്നീട് നീക്കം ചെയ്യപ്പെട്ടു.
ഹോങ്കോംഗിലെ പ്രക്ഷോഭം നിയന്ത്രിക്കാൻ പോലീസിനു കഴിയുമെന്ന് വക്താവ് പറഞ്ഞു. വിദ്യാർഥികൾ സർവകലാശാലകൾ ആയുധഫാക്ടറികളാക്കുന്നു. സർവകലാശാലകളിൽ സൂക്ഷിച്ചിരിക്കുന്ന പെട്രോൾ ബോംബുകൾക്കു തീപിടിച്ചാൽ വൻ ദുരന്തമായിരിക്കും ഉണ്ടാവുകയെന്നും മുന്നറിയിപ്പു നല്കി.