ജാദവിനുവേണ്ടി പാക്കിസ്ഥാൻ പട്ടാളനിയമം ഭേദഗതി ചെയ്യുന്നു
Thursday, November 14, 2019 12:29 AM IST
ഇസ്ലാമാബാദ്: ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിനായി പാക്കിസ്ഥാൻ പട്ടാള നിയമം(ആർമി ആക്ട്) ഭേദഗതി ചെയ്യുന്നു. പട്ടാളക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരേ സിവിലിയൻ കോടതിയിൽ അപ്പീൽ നൽകാനുള്ള നിയമഭേദഗതി പാക് സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കുൽഭൂഷൺ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ) പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. വധശിക്ഷ പുനഃപരിശോധിക്കുക, ജാദവിനു നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിലൂടെ പാക്കിസ്ഥാനു ലഭിച്ചത്.
2017 ഏപ്രിലിൽ പട്ടാളക്കോടതിയാണു ജാദവിനു വധശിക്ഷ വിധിച്ചത്. ശിക്ഷ പുനഃപരിശോധിക്കണമെങ്കിൽ കുൽഭൂഷൺ ജാദവ് സിവിലിയൻ കോടതിയിൽ അപ്പീൽ നല്കണം. ഇതിനു പട്ടാള നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.