ഹോങ്കോംഗിൽ സമരം രൂക്ഷം, റോഡുകൾ ഉപരോധിച്ചു
Thursday, November 14, 2019 12:29 AM IST
ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദികളുടെ സമരം സർവത്ര അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നീങ്ങുന്നു. ‘എല്ലായിടത്തും സമരം വിരിയട്ടെ’ എന്ന ലക്ഷ്യവുമായി നഗരത്തിലുടനീളം കാന്പയിനുകൾ ഇന്നലെ ആരംഭിച്ചു. പ്രക്ഷോഭകർ കയ്യിൽകിട്ടിയ എന്തും എടുത്ത് റോഡുകൾ ഉപരോധിച്ചു.
കല്ലും സൈക്കിളും കസേരകളും എല്ലാം ഗതാഗതം തടസപ്പെടുത്താൻ ഉപയോഗിച്ചു. അഞ്ചു മാസമായി തുടരുന്ന സമരം ഓരോ ദിവസം ചെല്ലുന്തോറും വൻ അക്രമത്തിൽ കലാശിക്കുകയാണ്. സ്കൂളുകളും ഷോപ്പിംഗ് മാളുകകളും തുറക്കുന്നില്ല. ട്രെയിൻ സർവീസുകൾ നിർത്തി. നഗരം തകർച്ചയുടെ വക്കിലാണെന്ന് പോലീസ് മുന്നറിയിപ്പു നല്കി. 1997ൽ ബ്രിട്ടനിൽനിന്നു ഹോങ്കോംഗിന്റെ നിയന്ത്രണം ലഭിച്ച ചൈന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.