തെരഞ്ഞെടുപ്പു നടത്തുമെന്നു ജോൺസന്റെ ഭീഷണി
Tuesday, October 22, 2019 11:56 PM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പിന്മാറുന്നതു സംബന്ധിച്ച ബിൽ(വിത്ഡ്രോവൽ എഗ്രിമെന്റ് ബിൽ) പാർലമെന്റ് നിരാകരിച്ചാൽ ബിൽ പിൻവലിച്ച് തെരഞ്ഞെടുപ്പിനു മുതിരുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ.
ചർച്ചയ്ക്ക് മൂന്നു ദിവസത്തെ സമയം അനുവദിക്കാനാണു ജോൺസന്റെ പദ്ധതി. 115 പേജുള്ള ബിൽ ഇന്നലെ പ്രസിദ്ധീകരിച്ചു. തുടർന്ന് ഇതേക്കുറിച്ച് പാർലമെന്റിൽ ചർച്ച ആരംഭിച്ചതിനിടെയാണു ജോൺസന്റെ മുന്നറിയിപ്പ്.
രണ്ടാം വായനയ്ക്കുശേഷം ബിൽ വോട്ടിനിടുന്പോൾ എതിർക്കുമെന്നു ലേബർ നേതാവ് ജറമി കോർബിൻ പറഞ്ഞു. ഇനി ഇതു പാസായാലും സമയക്രമം സംബന്ധിച്ച പ്രമേയത്തിനെതിരേ വോട്ടു ചെയ്യും.
വേണ്ടത്ര പരിശോധനയ്ക്കും ചർച്ചയ്ക്കും അവസരം നൽകാതെ പെട്ടെന്നു ബിൽ പാസാക്കിയെടുക്കാനാണു ജോൺസന്റെ ശ്രമം.
രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ പരിരക്ഷിക്കാനോ തൊഴിലുകൾ സംരക്ഷിക്കാനോ യാതൊരു ശ്രമവും ബില്ലിൽ കാണുന്നില്ലെന്നും കോർബിൻ കുറ്റപ്പെടുത്തി.
എന്തുവന്നാലും ഒക്ടോബർ 31നു ബ്രെക്സിറ്റ് നടപ്പാക്കണമെന്നാണു ജോൺസന്റെ നിലപാട്.
ബ്രെക്സിറ്റ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബ്രെക്സിറ്റ് ജനുവരി വരെയോ അതിനുമപ്പുറമോ വൈകിക്കാൻ തീരുമാനം ഉണ്ടായാൽ ഈ സർക്കാർ തുടരില്ല. ബ്രെക്സിറ്റ് സംബന്ധിച്ച ബിൽ പിൻവലിച്ച് ഡിസംബറിനു മുന്പ് പൊതുതെരഞ്ഞെടുപ്പു നടത്തും.
മൂന്നുദിവസത്തേക്കായി ചർച്ച പരിമിതപ്പെടുത്താനുള്ള ജോൺസൻ സർക്കാരിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് ബ്രെക്സിറ്റ് വിരുദ്ധ ലിബറൽ ഡെമോക്രാറ്റ് പാർട്ടി വക്താവ് ടോം ബ്രേക്ക് വോട്ടെടുപ്പിനു മുന്പു പറഞ്ഞു.
ജോൺസൻ എംപിമാരെ ബ്ലാമെയിൽ ചെയ്യുകയാണെന്നും ഈ ഭീഷണിക്കു വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.