കാഷ്മീർ: ഇന്ത്യക്കു പിന്തുണയുമായി യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ
Wednesday, September 18, 2019 10:39 PM IST
ബ്രസൽസ്: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളായ റിസ്വാർഡ് സെർനകിയും ഫ്യൂവിയോ മാർടുസെലോയും. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യമെന്നു വിശേഷിപ്പിച്ച ഇരുവരും ഭീകരപ്രവർത്തനത്തിൽ പാക്കിസ്ഥാനെ വിമർശിച്ചു.
ഇന്ത്യയിലെ പ്രദേശങ്ങളിൽ, ജമ്മു കാഷ്മീരിൽ ഉണ്ടാകുന്ന ഭീകരാക്രമണം നോക്കുക. ഈ ഭീകരർ ചന്ദ്രനിൽനിന്ന് വരുന്നവരല്ല. അയൽരാജ്യമായ പാക്കിസ്ഥാനിൽനിന്നു വരുന്നതാണ്. അതിനാൽ ഇന്ത്യയെ പിന്തുണയ്ക്കുന്നു- സെർനകി പറഞ്ഞു.
കാഷ്മീർ വിഷയത്തിൽ യൂറോപ്യൻ യൂണിയനിൽ നടന്ന ചർച്ചയിലാണ് പോളണ്ടിൽനിന്നുള്ള അംഗം നിലപാട് വ്യക്തമാക്കിയത്.
അണ്വായുധം ഉപയോഗിക്കുമെന്ന് പറഞ്ഞ് പാക്കിസ്ഥാൻ ഭീഷണി മുഴക്കുകയാണെന്ന് ഇറ്റലിയിൽനിന്നുള്ള മാർടുസെലോ പറഞ്ഞു.
ഭീകരരുടെ ഒളിത്താവളമാണ് പാക്കിസ്ഥാനെന്നും പാക്കിസ്ഥാനിൽ മനുഷ്യാവകാശധ്വംസനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.