ആകാംക്ഷയോടെ സിസ്റ്റർ സിവേരി
Friday, September 13, 2019 11:46 PM IST
ബാങ്കോക്ക്: ഫ്രാൻസിസ് മാർപാപ്പയുടെ തായ്ലൻഡ് സന്ദർശനത്തിന് കൂടുതൽ പ്രത്യേകതയുണ്ട്. വർഷങ്ങളായി അവിടെ മിഷൻ സേവനം അനുഷ്ഠിക്കുന്ന ഒരു ബന്ധുവുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സന്ദർശനം വഴിയൊരുക്കും.
ഉഡോൺ താനിലെ സെന്റ് മേരീസ് ഗേൾസ് സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനാ റോസ സിവേരി മാർപാ പ്പയുടെ സെക്കൻഡ് കസിനാണ്. രണ്ടു പേരുടെയും മുത്തച്ഛൻ ഒരാൾ.
ബാങ്കോക്കിൽനിന്ന് 570 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഉഡോൺ താനി. ബുവേനോസ് ആരീസ് സ്വദേശിനിയായ സിസ്റ്റർ 1966 മുതൽ തായ്ലൻഡിലെ പല ഭാഗങ്ങളിൽ സേവനം ചെയ്തുവരുന്നു. മാർപാപ്പയുടെ ബന്ധുവാണ് സിസ്റ്ററെന്ന കാര്യം സ്കൂളിലുള്ളവർ അറിഞ്ഞിട്ട് അധികകാലമായിട്ടില്ല.
അയൽരാജ്യമായ മ്യാൻമറിൽ രണ്ടു വർഷം മുന്പ് മാർപാപ്പ സന്ദർശനം നടത്തിയിരുന്നു. തായ്ലൻഡിൽനിന്ന് ആയിരക്കണക്കിനാളുകൾ കാണാൻ പോയി. മാർപാപ്പയുടെ വിലപ്പെട്ട സമയം അപഹരിക്കേണ്ടെന്നു കരുതി സിസ്റ്റർ കാണാൻ പോയില്ല.
പക്ഷേ, മാർപാപ്പയുമായി സന്പർക്കം പുലർത്തുന്നുണ്ടെന്ന് സിസ്റ്റർ പറഞ്ഞു. മാർപാപ്പ പഴയമട്ടുകാരനാണ്. ഇ-മെയിലൊന്നും അയയ്ക്കില്ല. സ്വന്തം കൈപ്പടയിൽ കത്തെഴുതും. ബാങ്കോക്കിലെ വത്തിക്കാൻ എംബസി വഴി അതു ലഭിക്കും. രണ്ടു വർഷം മുന്പ് വത്തിക്കാൻ സന്ദർശിച്ചപ്പോൾ നേരിട്ടു കണ്ടിരുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
മാർപാപ്പയുടെ സന്ദർശന പ്രഖ്യാപനത്തെ തായ്ലൻഡിലെ കത്തോലിക്കർ സന്തോഷത്തോടെ സ്വാഗതം ചെയ്തു. ബുദ്ധിസ്റ്റ് രാജ്യമായ ഇവിടെ ഒരു ശതമാനം മാത്രമാണ് കത്തോലിക്കർ.