രാജ്യങ്ങൾ തീവ്രവാദം ആയുധമാക്കുന്നത് അവസാനിപ്പിക്കണം: ഇന്ത്യ, ബഹ്റിൻ
Monday, August 26, 2019 12:18 AM IST
മനാമ: തീവ്രവാദത്തെ ഉപയോഗിച്ചു മറ്റു രാജ്യങ്ങളെ നേരിടുന്നത നടപടി അന്താരാഷ്ട്ര സമൂഹം നിരാകരിക്കണമെന്ന് ഇന്ത്യയും ബഹ്റിനും സംയുക്തമായി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദർശനത്തെത്തുടർന്നുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഒരു രാജ്യത്തിന്റെയും പേരെടുത്തു പറയാതെ പാക്കിസ്ഥാനെയാണു ലക്ഷ്യം വയ്ക്കുന്നത്. ബഹ്റിൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, രാജകുമാരനും പ്രധാനമന്ത്രിയുമായ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ തുടങ്ങിയവരുമായി മോദി ചർച്ച നടത്തി.
തീവ്രവാദ കേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്യണം. തീവ്രവാദികൾക്ക് സാന്പത്തികസഹായമടക്കം ലഭ്യമാകുന്നതു തടയണം. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും സംയുക്ത പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു.
തീവ്രവാദവിരുദ്ധ പോരാട്ടം, സൈബർ സുരക്ഷ, ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കാനും തീരുമാനമായി.

രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വൻകിട പദ്ധതികൾ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ചു വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ ഉദ്ദേശിച്ചാണ് ഈ പരാമർശം.
ഗൾഫിലെ സമുദ്ര സുരക്ഷയ്ക്ക് ഇന്ത്യയും ബഹ്റിനും സഹകരിക്കും. അന്താരാഷ്ട്ര സോളാർ സഖ്യ(ഐഎസ്എ)ത്തിൽ ചേരാനുള്ള ബഹ്റിന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. രക്ഷാസമിതി വികസിപ്പിക്കൽ അടക്കമുള്ള പരിഷ്കാരങ്ങൾ ഐക്യരാഷ്ട്രസഭയിൽ നടത്തണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.
സാംസ്കാരികപ്രവർത്തനങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ, സൗരോർജം എന്നിവ പരസ്പരം കൈമാറ്റം ചെയ്യുന്നതിനുള്ള ധാരണകളിൽ ഒപ്പുവച്ചു. ബഹ്റിനിൽ റുപേ കാർഡ് ഉപയോഗിക്കാനുള്ള ധാരണയും യാഥാർഥ്യമായി. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റിൻ സന്ദർശിക്കുന്നത്. ശനിയാഴ്ചയെത്തിയ മോദി ഇന്നലെ സന്ദർശനം പൂർത്തിയാക്കി.