യുഎഇയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദി ഏറ്റുവാങ്ങി
Saturday, August 24, 2019 11:12 PM IST
അബുദാബി: യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ചു. അബുബാദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചത്. അബുദാബിയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി മോദി ബഹുമതി ഏറ്റുവാങ്ങി.
ഏറെ വിനയത്തോടെ പുരസ്കാരം ഏറ്റുവാങ്ങിയെന്നു പുരസ്കാരചടങ്ങിനു പിന്നാലെ മോദി ട്വിറ്ററിൽ കുറിച്ചു. വ്യക്തി എന്നതിനപ്പുറം ഇന്ത്യയുടെ സംസ്കാരത്തിനാണീ ബഹുമതി. 130 കോടി ഇന്ത്യക്കാർക്കായി പുരസ്കാരം സമർപ്പിക്കുകയാണ്. യുഎഇ സർക്കാരിനോടു നന്ദി പറയുകയാണെന്നും സന്ദേശം തുടരുന്നു.
പുരസ്കാര ദാനത്തിനുശേഷം കിരീടാവകാശി ഷെയ്ഖ് മുഹമ്മദും പ്രധാനമന്ത്രി മോദിയും ചേർന്ന് ഗാന്ധി സ്മാരക സ്റ്റാന്പ് പുറത്തിറക്കി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായാണു സ്റ്റാന്പ് പുറത്തിറക്കിയത്.
ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി മോദി നൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം. കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനായിരുന്നു പുരസ്കാരം. 2007 ൽ അന്നത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേഷ് മുഷറഫിനും.