സുഡാനിൽ ഇടക്കാല സർക്കാരിനു ധാരണ
Monday, August 19, 2019 12:16 AM IST
ഖാർത്തൂം: സുഡാനിൽ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനുള്ള ധാരണയിൽ സൈന്യവും പ്രതിപക്ഷവും ഒപ്പുവച്ചു. തെരഞ്ഞെടുപ്പിലൂടെ സിവിലിയൻ സർക്കാർ അധികാരത്തിലേറുന്നതു വരെയാണ് ഇടക്കാല സർക്കാർ ഭരണം നടത്തുക.
ദീർഘനാൾ ഏകാധിപതിയായിരുന്ന ഒമർ അൽ ബഷീറിനെ സൈന്യം ഏപ്രിലിൽ പുറത്താക്കിയതിനെ തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്. തുടർന്ന് സൈനിക സമിതിയാണ് അധികാരം കൈയാളിയത്.
ബഷീറിനെ പുറത്താക്കാൻ സമരം ചെയ്ത ജനങ്ങൾ സൈനിക സമിതിക്കെതിരേയും പ്രക്ഷോഭം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് സൈന്യത്തിലെയും പ്രതിപക്ഷത്തെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാൻ തീരുമാനമായത്. നടപടിയിൽ ജനം തെരുവിലിറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു.