ബ്രെക്സിറ്റിൽ തട്ടിവീണ് തെരേസാ മേ
Saturday, May 25, 2019 12:54 AM IST
ലണ്ടൻ: ബ്രെക്സിറ്റ് വിരുദ്ധ ചേരിയിൽനിന്ന് ബ്രെക്സിറ്റ് അനുകൂല ക്യാന്പിലെത്തുകയും ബ്രെക്സിറ്റ് നടപ്പാക്കാനുള്ള ഉദ്യമത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികളുടെ വിരോധം സന്പാദിക്കുകയും ചെയ്ത ദുരന്തകഥയാണു ബ്രിട്ടീഷ് പ്രധാനമന്ത്രിപദം രാജിവച്ച തെരേസാ മേയുടേത്. ആംഗ്ളിക്കൻ പുരോഹിതന്റെ പുത്രിയായി 1956 ഒക്ടോബർ ഒന്നിന് സസക്സിലെ ഈസ്റ്റ്ബോണിലാണു ജനിച്ചത്. തെരേസാ മേ ബ്രെസയർ എന്നാണു മുഴുവൻ പേര്.
ബ്രെക്സിറ്റ് ഹിതപരിശോധനയിൽ ജനം അനുകൂല വിധി പ്രഖ്യാപിച്ചപ്പോൾ, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു വാദിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറോൺ 2016ൽ രാജിവച്ചതോടെയാണ് മേയ്ക്കു പ്രധാനമന്ത്രിപദം കിട്ടിയത്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലായിരുന്നു മേയുടെ വിദ്യാഭ്യാസം. ഭാവിവരൻ ഫിലിപ്പ് മേയെ ഇവിടെവച്ചാണു പരിചയപ്പെട്ടത്. പിന്നീട് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായ ബേനസീർ ഭൂട്ടോയാണ് ഫിലിപ്പിനെ മേയ്ക്കു പരിചയപ്പെടുത്തിയത്. 1980-ലായിരുന്നു വിവാഹം. 1986ലാണു രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. അതിനു മുന്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ കൗൺസിലറായി ജോലി നോക്കിയിരുന്നു.
1977ൽ ആദ്യമായി ടോറി പാർട്ടിക്കുവേണ്ടി മെയ്ഡൻലാൻഡിൽനിന്നു പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1999 മുതൽ 2009 വരെ വിവിധ മന്ത്രിസ്ഥാനങ്ങൾ വഹിച്ചു. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം വിദേശമന്ത്രിപദത്തിലിരുന്നതിന്റെ റിക്കാർഡ്(2010-16)മേയുടെ പേരിലാണ്.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നായിരുന്നു മേയുടെ നിലപാട്. ഇതിനുവേണ്ടി പ്രധാനമന്ത്രി കാമറോണിനൊപ്പം മേയും പ്രചാരണം നടത്തി. കാമറോൺ രാജിവച്ചപ്പോൾ പാർട്ടിയുടെ നേതൃസ്ഥാനവും പ്രധാനമന്ത്രിപദവും മേയ്ക്കു കിട്ടി. 2016 ജൂലൈ 13ന് ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
ബ്രെക്സിറ്റ് കരാറിനായി യൂറോപ്യൻ യൂണിയനുമായും സ്വന്തം പാർലമെന്റിലെ അംഗങ്ങളുമായും ചർച്ച നടത്തുകയെന്നതായിരുന്നു ഭരണകാലത്ത് മേ നേരിട്ട ഏറ്റവും വലിയ തലവേദന. യൂറോപ്യൻ യൂണിയനുമായി മേ ഉണ്ടാക്കിയ ധാരണ അംഗീകരിക്കാൻ പാർലമെന്റ് അംഗങ്ങൾ തയാറായില്ല.
പാർലമെന്റിൽ കൂടുതൽ അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നു കണക്കുകൂട്ടി 2017ൽ ഇടക്കാല തെരഞ്ഞെടുപ്പിനു മേ മുതിർന്നു. എന്നാൽ ടോറി പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമാകുകയാണുണ്ടായത്. ഡിയുപി എന്ന പാർട്ടിയുടെ പിന്തുണയോടെ മേയ്ക്കു സർക്കാർ രൂപീകരിക്കേണ്ടിവന്നു. മേ ഉണ്ടാക്കിയ ബ്രെക്സിറ്റ് വിടുതൽ കരാർ പാർലമെന്റ് മൂന്നുവട്ടം വോട്ടിനിട്ടു തള്ളി. നാലാമത്തെ കരാറും പാസാകില്ലെന്നു ബോധ്യമായതോടെയാണു രാജി.
ലണ്ടനിലും മാഞ്ചസ്റ്ററിലുമായി നാലു വലിയ ഭീകരാക്രമണങ്ങൾ നടന്നതും മേയുടെ ഭരണകാലത്താണ്. ചെലവുചുരുക്കലിന്റെ പേരിലും മേ വിമർശിക്കപ്പെട്ടു.