ലങ്ക, പുൽവാമ ആക്രമണങ്ങൾ തീവ്രവാദത്തിനെതിരേ നിലപാട് ശക്തമാക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചു: സുഷമ
Thursday, May 23, 2019 12:10 AM IST
ബിഷ്കെക്: പുൽവാമയിൽ സൈനികരെ കൂട്ടക്കൊല ചെയ്തതും ലങ്കയിലെ ഭീകരാക്രമണവും തീവ്രവാദത്തിനെതിരേ സന്ധിയില്ലാത്ത പോരാട്ടത്തിന് ഇന്ത്യയെ നിർബന്ധിതമാക്കിയെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
കിർഗിസ്ഥാന്റെ തലസ്ഥാന നഗരമായ ബിഷ്കെകിൽ ഷാങ്ഗായി കോ -ഓപ്പറേഷൻ ഓർഗനൈസേഷൻ കൗൺസിലിൽ വിദേശകാര്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കൊപ്പം അവരുടെ വേദനയിൽ പങ്കു ചേരുന്നു. പുൽവാമയിലെ രക്തച്ചൊരിച്ചിലിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. അയൽരാജ്യത്തിൽനിന്നുള്ള വാർത്തകൾ തീവ്രവാദത്തിനെതിരേ നിലപാടു കർശനമാക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുകയായിരുന്നുവെന്നും സുഷമ പറഞ്ഞു. പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും യോഗത്തിലുണ്ടായിരുന്നു. 2017ലാണ് ഇന്ത്യയും പാക്കിസ്ഥാനും കോ -ഓപ്പറേഷൻ ഓർഗനൈസേഷനിൽ അംഗങ്ങളായത്. 2005 മുതൽ എസ്സിഒയുടെ നിരീക്ഷണ സമിതിയിൽ ഇന്ത്യയുണ്ടായിരുന്നു.