ഷിൻസോ ആബെയല്ല, ആബെ ഷിൻസോ
Thursday, May 23, 2019 12:10 AM IST
ടോക്കിയോ: തങ്ങളുടെ പ്രധാനമന്ത്രിയുടെ പേര് ആബെ ഷിൻസോ എന്നാണെന്നും എഴുതുന്പോഴും പറയുന്പോഴും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ജാപ്പനീസ് ഭരണകൂടം ഇംഗ്ലീഷ് സംസാരിക്കുന്ന ജനവിഭാഗങ്ങളെ ഓർമിപ്പിച്ചു. ജാപ്പനീസ് ഭാഷയിൽ കുടുംബപ്പേരാണ് ആദ്യം വരുക. തുടർന്നാണു വ്യക്തിനാമം എഴുതുക. ചൈനയും കൊറിയയും ഇതേരീതിയാണു സ്വീകരിച്ചിട്ടുള്ളത്.
പുതിയ ചക്രവർത്തി ഭരണഭാരമേറ്റതിനെത്തുടർന്ന് ആരംഭിച്ച റീവാ യുഗത്തിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദേശകാര്യമന്ത്രി ടാരോ കോനോ റിപ്പോർട്ടർമാരോടു പറഞ്ഞു. ചൈനീസ് പ്രസിഡന്റിന്റെ പേര് ഷി ചിൻപിംഗ് എന്നും ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ പേര് മൂൺ ജേ ഇൻ എന്നും എഴുതുന്നതു പോലെ ജപ്പാൻ പ്രധാനമന്ത്രിയുടെ പേര് ആബെ ഷിൻസോ എന്നെഴുതണമെന്ന് വിദേശമന്ത്രി അഭ്യർഥിച്ചു.